പ്രണവിൻ്റെ ഡെഡിക്കേഷനാണ് എനിക്ക് ആദ്യം ഓർമവരിക: ധ്യാൻ

Update: 2024-04-03 11:38 GMT

തിരയ്ക്കുശേഷം വിനീതും ധ്യാനും പുതിയ സിനിമയുമായി ഒരുമിച്ച് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ പോവുകയാണ്. വർഷങ്ങൾക്കുശേഷം എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ ധ്യാനിനൊപ്പം മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാണ്. സിനിമ മോഹവുമായി നടക്കുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ഇതിൽ പറയുന്നത്. 

ഇപ്പോഴിതാ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിനീതിനും ബേസിലിനും നിർമാതാവ് വിശാഖിനുമൊപ്പം എത്തി ഷൂട്ടിങ് അനുഭവങ്ങൾ പങ്കിട്ടിരിക്കുകയാണ് ധ്യാൻ. പ്രണവ് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാറില്ലെന്നതുകൊണ്ട് തന്നെ പ്രണവിന്റെ സിനിമ റിലീസിന് തയ്യാറെടുക്കുമ്പോൾ അണിയറപ്രവർത്തകരും മറ്റ് താരങ്ങളും പ്രമോഷന് എത്തിയാൽ ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യം പ്രണവുമായുള്ള ഷൂട്ടിങ് അനുഭവങ്ങളാകും. മോഹൻലാലിനെപ്പോലെ ഒരു താര രാജാവിന്റെ മകൻ ഷൂട്ടിങ് സെറ്റിൽ എങ്ങനെയാണെന്ന് അറിയാനുള്ള ആകാംഷയിലാണ് ഇത്തരം ചോദ്യങ്ങൾ വരുന്നത്.

പ്രണവിനൊപ്പം ഏറ്റവും കൂടുതൽ കോമ്പിനേഷൻ സീനുകൾ ഉള്ളത് ധ്യാനിനായിരുന്നു. അതുകൊണ്ട് ധ്യാനാണ് ഈ പുതിയ അഭിമുഖത്തിൽ പ്രണവിനെ കുറിച്ച് ഏറെയും സംസാരിച്ചത്. 'പ്രണവിനെ കുറിച്ച് പറയുമ്പോൾ അവന്റെ ഡെഡിക്കേഷനാണ് എനിക്ക് ആദ്യം ഓർമവരിക. ഷൂട്ടിങിന്റെ സമയത്ത് അപ്പുവിന് (പ്രണവ്) നടുവേദനയും ഡിസ്ക്കിന് വേദനയുമെല്ലാമായിരുന്നു. ട്രക്കിങ്, മൗണ്ടെയ്ൻ ക്ലൈബിങൊക്കെ ചെയ്തതുകൊണ്ടാണെന്ന് തോന്നുന്നു.'

'ഷൂട്ടിങിന്റെ സമയത്ത് വീക്കം വന്ന് പുള്ളിക്ക് നടക്കാനും എഴുന്നേറ്റ് നിൽക്കാനുമൊക്കെ ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷെ പുള്ളി അതൊന്നും ഞങ്ങളോട് പറഞ്ഞില്ല. പല സീനുകൾ എടുക്കുന്ന സമയത്തും വേദനയുണ്ടായിട്ടും അപ്പു പറഞ്ഞില്ല. ഒരു സീനിൽ അപ്പുവിനെ എല്ലാവരും കൂടി പൊക്കി എടുക്കുന്നുണ്ട്.'

'ആ ഷോട്ട് വന്നപ്പോൾ അപ്പുവിന് നടുവേദനയാണെന്ന് ഞാൻ ഏട്ടനോട് (വിനീത്) പറഞ്ഞു അപ്പുവിന് തീരെ വയ്യെന്ന്. പൊക്കി എടുക്കുന്ന സീനിൽ അഭിനയിക്കാൻ ഓക്കെയാണോയെന്ന് ചോദിച്ചപ്പോൾ വേദനയുണ്ടായിട്ടും അവൻ ചിരിച്ചുകൊണ്ട് ഓക്കെയാണെന്ന് പറഞ്ഞ് റെഡിയായി. പക്ഷെ അവന് നല്ല വേദനയുണ്ടെന്ന് നമുക്ക് തന്നെ മനസിലാകും.'

'ഏട്ടനോട് അപ്പുവിന്റെ വേദനയെ കുറിച്ച് പറയുമ്പോൾ അപ്പു അടുത്തുണ്ട്. പക്ഷെ ഒന്നും അവനായിട്ട് ഏട്ടനോട് പറയുന്നില്ല. അപ്പോൾ ഞാൻ അവനോട് പറഞ്ഞു... നിന്റെ വായിൽ എന്താടാ പഴമാണോ... പറഞ്ഞൂടേടായെന്ന്... അത് ഞാൻ വളരെ കൊളോക്കിയലായി പറഞ്ഞ് പോയതാണ്. അതുകേട്ട് ചിലപ്പോ... ഇതെന്താ ഉദ്ദേശിച്ചേ.. വായിൽ പഴം... വാട്ട് ഈസ് ദാറ്റ് എന്ന് അവൻ മനസിൽ ചിന്തിച്ച് കാണും.'

'നമ്മുടെ നാട്ടിലൊക്കെ ഈ പ്രയോ​ഗം ഉള്ളതാണ്. അതൊക്കെ ഇവനെപ്പോലെ (ബേസിൽ) ഉള്ള ആളുകളെ ഡീൽ ചെയ്യാനുള്ള എന്റെ ലാം​ഗ്വേജാണെന്നും', ധ്യാൻ പറഞ്ഞപ്പോൾ കൂട്ടച്ചിരി ഉയർന്നു. അഭിമുഖം വൈറലായതോടെ ധ്യാൻ ഉണ്ടെങ്കിൽ അഭിമുഖം പോലും ഒരു സ്ട്രസ് റിലീഫായി മാറുമെന്നാണ് കമന്റുകൾ.

താരജാഡകളില്ലാതെ ഇമേജ് ഭയമില്ലാതെ പെരുമാറുന്ന ചുരുക്കം ചില നടന്മാരിൽ ഒരാളാണ് ധ്യാൻ. പ്രണവും ധ്യാനും വർഷങ്ങൾക്കുശേഷത്തിൽ അഭിനയിച്ചശേഷം അടുത്ത സുഹൃത്തുക്കളാണെന്ന് അടുത്തിടെ വിനീത് പറഞ്ഞിരുന്നു.

Tags:    

Similar News