"ധൂമം" : ഹോംബാലായ്‌ പ്രൊഡക്ഷൻസിൻ്റെ പാൻ ഇന്ത്യൻ പുകപടലം

Update: 2023-06-27 08:56 GMT

കെ സി മധു 

ഹോംബാലായ്‌ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പവൻ കുമാർ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് "ധൂമം". ഇതിനെ ഒരു പാൻ ഇന്ത്യൻ ചിത്രമെന്നാണ് ഇതിന്റെ അണിയറക്കാർ വിശേഷിപ്പിക്കുന്നത് .നിർമ്മാണവും സംവിധാനവുമൊക്കെ കന്നട ചുവയിലായതിനാൽ "ധൂമം" തീർത്തും ഒരു മലയാള ചിത്രമെന്ന് നെഞ്ചിൽ കൈവച്ച് പറയാനും പറ്റുന്നില്ല. തെക്കും വടക്കും കിഴക്കും പടിഞ്ഞാറും ഒരേ പോലെ കണ്ടാസ്വദിക്കാൻ പറ്റുന്ന വിധത്തിൽ കാശ് കണ്ടമാനം ചെലവഴിച്ച് നിർമ്മിക്കുന്ന ചിത്രങ്ങളുടെ ശ്രേണിയിൽ പെടുത്താവുന്ന സിനിമകളെയാണ് പാൻ ഇന്ത്യൻ ചിത്രമെന്നു വിശേഷിപ്പിക്കാറുള്ളത് . "ധൂമം" അത്തരത്തിലൊന്നാണെന്നാണ് അതിൻ്റെ പ്രായോജകർ അവകാശപ്പെടുന്നത് . നമ്മുടെ ചെറുപ്പക്കാരായ , അഭിനയശേഷിയുള്ള മലയാളിനടന്മാരിൽ പലരും ഇന്ന് പാൻ ഇന്ത്യൻ നടന്മാർ എന്ന അംഗവസ്ത്രവുമണിഞ്ഞാണ് നടക്കുന്നത് . ആരാണിവർക്കൊക്കെ ഈ അഭിനയപ്പട്ടം കൊടുത്തതെന്ന് ആർക്കുമറിയില്ല താനും. പറഞ്ഞു കേൾക്കുന്നത് ദുൽക്കർ സൽമാൻ അത്തരത്തിലൊരിനമാണെന്നാണ്. ഫഹദ് ഫാസിലും ആ ഗണത്തിലായതു കൊണ്ടാകുമെല്ലോ കന്നടക്കാരുടെ "ധൂമ" ത്തിൽ നായകനായത് ..അപർണ ബാലമുരളിയാണ് നായിക. അവർ തമിഴ് ചിത്രമായ "സുറാറൈ പൊട്റു" വിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച നടിയായിത്തീർന്ന അഭിനേത്രിയാണ് . ഒരു പാൻ ഇന്ത്യൻ സിനിമയിലെ നായികയാകാൻ ഈ യോഗ്യത അധികമാണ് . വിനീത്, റോഷൻ മാത്യു, ജോയ് മാത്യു, നന്ദു, ആനു മോഹൻ, അച്യുത് കുമാർ തുടങ്ങി മലയാളികൾക്ക് സുപരിചിതനായ ഒരുപറ്റം അഭിനേതാക്കളാണ് പിന്നെയുള്ളത്. അവരൊക്കെ തന്നെ ആവുംവിധം പരമാവധി നല്ല പ്രകടനം കാഴ്ചവെച്ചിട്ടുമുണ്ട് .പക്ഷെ കഥാപാത്രങ്ങൾ , അതിൽ പലതിൻ്റെ യും സാംഗത്യമാണ് നമ്മെ ആശയകുഴപ്പത്തിലാക്കുന്നത് . ഈ സന്ദർഭത്തിലാണ് നമുക്ക് ഈ സിനിമയുടെ പ്രമേയത്തിലേക്കു കണ്ണോടിക്കേണ്ടി വരുന്നത് .

പുകവലിയാണ് സിനിമയുടെ അടിസ്ഥാന പ്രമേയം. അപ്പോൾ കേന്ദ്ര കഥാപാത്രം "സിഗററ്റാ"കുക സ്വാഭാവികം. പാൻ ഇന്ത്യൻ ത്രില്ലർ എന്ന നിലയിൽ സിഗരറ്റു നിർമാണത്തിലെ വാൻ കുത്തകകമ്പനിയും അതിൻ്റെ നൂലാമാലകളും കുരുക്കുകളുമൊക്കെയായി മണിക്കൂറുകൾ നീണ്ടുപോവുകയാണ് സിനിമ. ധൂമം എന്ന ഈ പുകപ്പടം തീയേറ്ററിലിരിക്കുന്ന കാണികളെ വല്ലാതെ വീർപ്പുമുട്ടിക്കുകയാണ് രണ്ടു രണ്ടര മണിക്കൂർ. പുകവലിയെക്കുറിച്ചും അതിൻ്റെ ആസക്തിയെക്കുറിച്ചും വിപത്തുകളെക്കുറിച്ചുമെല്ലാം വിശദമായി ചർച്ച ചെയ്യുന്നുണ്ട് സിനിമയിൽ. ഇതൊക്കെ ലാഭക്കൊതിമൂത്ത മൾട്ടിനാഷണൽ കമ്പനിയുടെ കണ്ണുകളിലൂടെയാണെന്നു മാത്രം.

ഈ ചിത്രത്തിൻ്റെ സംഗീതമൊരുക്കിയിരിക്കുന്നത് കന്നടയിലെ ഹിറ്റ് മേക്കറായ പൂർണ ചന്ദ്ര തേജസ്സ്വിയാണ് .ആർ ആർ ആർ കൈവരിച്ച അഭൂതപൂർവമായ നേട്ടത്തെ തുടർന്ന് ഇപ്പോൾ കന്ന ടയിലിറങ്ങുന്ന നിരവധി ചിത്രങ്ങൾ ഗാനങ്ങൾക്ക് മുൻ‌തൂക്കം കൊടുക്കുന്നുണ്ട് പ്രിയ ജയരാമനാണ് ധൂമത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ളത് .പ്രശസ്ത ഛായാഗ്രാഹകനായ പി സി ശ്രീരാമന്റെ അനന്തരാവളാണ് പ്രിയ. ധൂമം എന്ന സിനിമ സ്കോർ ചെയ്ത മറ്റൊരു മേഖല അതിന്റെ ഛായാഗ്രഹണമാണ്. പാൻ ഇന്ത്യൻ കാറ്റഗറിയെന്ന സ്വയം പ്രഖ്യാപിത സ്റ്റാറ്റസ്സുമായി പ്രേക്ഷകരുടെ ധനവും വിലപ്പെട്ട സമയവും കൊള്ളയടിക്കുന്ന ഇത്തരം സിനിമകളുടെ വിശുദ്ധ പാപത്തിൽ നിന്ന് ഏതിലും എന്തിലും കയറി ഇടപെടുന്ന നായക നടന്മാർക്കും ഒഴിഞ്ഞു നിൽക്കാനാകില്ല. സിനിമ കാണുന്ന പ്രേക്ഷകന്റെ ഭാഗത്തു നിന്ന് കൂടി അതിന്റെ മെരിറ്റിനെക്കുറിച്ച് നായക താരങ്ങളും ഒരുമാത്ര ചിന്തിക്കേണ്ടതുണ്ട് , താനീ ചെയ്യുന്നത് ന്യായമാണോ എന്ന്. മാജിക് ഫ്രെയിംസും പൃഥ്വി രാജ് പ്രൊഡക്ഷൻസും ചേർന്നാണ് ധൂമത്തിന്റെ കേരളത്തിലെ വിതരണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. തമിഴ്,തെലുഗ്, കന്നട ,ഹിന്ദി എന്നീ ഭാഷകളിലായി ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രമാണ് ധൂമം. പക്ഷെ പ്രതീക്ഷിച്ച കോടികളുടെ പണക്കിലുക്കം ഈ ചിത്രത്തിന് താളം പിടിക്കാനുണ്ടാകില്ല.

Tags:    

Similar News