സിനിമ വേണ്ടെന്ന് തീരുമാനിച്ച് എംബിഎ പഠിക്കാന്‍ ആഗ്രഹിച്ചു, ബുക്‌സ് വാങ്ങി; പിന്നീട് അതെല്ലാം തൂക്കിവിറ്റു: ചാക്കോച്ചന്‍
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ചാക്കോച്ചന്‍. യുവതികളുടെ മനസിലെ ചോക്ലേറ്റ് നായകന്‍ കുറച്ചുകാലം സിനിമയില്‍നിന്നു വിട്ടുനിന്നിരുന്നു. പിന്നീട് തിരിച്ചുവന്നു. വിജയങ്ങളില്‍ കൂടെ നിന്ന് ആഘോഷിച്ചവരല്ല, പരാജയങ്ങളില്‍ കൈ പിടിച്ചു കൂടെ നിന്നവരാണ് തന്റെ സ്വത്ത് എന്ന ചാക്കോച്ചന്‍ പറഞ്ഞിട്ടുണ്ട്. ബിസിനസ് തിരക്കുകളുമായി സിനിമയില്‍ നിന്നു വിട്ടുനിന്ന സമയത്ത് തിരിച്ചുവരവില്ല എന്നായിരുന്നു തീരുമാനമെന്ന് ചാക്കോച്ചന്‍.
സിനിമ വേണ്ട എന്തെങ്കിലും ബിസിനസ് ചെയ്യണം. ഒരു ജോലി സമ്പാദിക്കണം. എന്തിന് എംബിഎ പഠിക്കണം എന്നുപോലും ചിന്തിച്ചിരിക്കുന്നു. സ്റ്റഡി മെറ്റീരിയല്‍സ് പോലും വാങ്ങിയിരുന്നു. അതു പിന്നീടു തൂക്കി വിറ്റു എന്നതു മറ്റൊരു സത്യം. ആ ഒരു ഗ്യാപ്പില്‍ എന്റെ സിനിമ ചാനലുകളില്‍ വന്നതു കണ്ട് പലരും വിളിച്ച് പുതിയ സിനിമ ഏതാണ്? എന്താണ് അഭിനയിക്കാത്തത് എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. അതു കേട്ടപ്പോഴാണ് ആളുകള്‍ക്ക് എന്നോടുള്ള സ്‌നേഹം മനസിലാക്കിയത്. ആ തിരിച്ചറിവാണ് വീണ്ടും എന്നെ അഭിനയത്തിലേക്കു എത്തിച്ചത്.
സിനിമകള്‍ പരാജയപ്പെടുന്ന അവസരങ്ങളില്‍ വിഷമമുണ്ടായിരുന്നു. ആ സമയത്ത് എന്നെ ഏറെ സമാധാനിപ്പിച്ച ആളുകളാണ് ഷാഫി, ലാലു (ലാല്‍ ജോസ്), ബെന്നി ചേട്ടന്‍ (ബെന്നി പി. നായരമ്പലം) എന്നിവര്‍. വീണ്ടും സിനിമയിലേക്കു വരണം, വ്യത്യസ്തതകള്‍ക്ക് വിധേയനാകണം, വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കണം എന്ന് എനിക്കു ബോധ്യപ്പെടുത്തി തന്നതില്‍ പ്രധാനി ലാലുവാണ്. എന്റെ രണ്ടാം വരവില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളും എന്തിനു രൂപത്തില്‍ പോലും മാറ്റങ്ങളുള്ള കഥാപാത്രം നല്‍കിയതു ലാലുവാണ്- ചാക്കോച്ചന്‍ പറഞ്ഞു.