ലാഭവിഹിതം നൽകിയില്ല; 'ആർഡിഎക്‌സ്' നിർമാതാക്കൾക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

Update: 2024-08-10 03:07 GMT

ആർഡിഎക്‌സ് സിനിമയ്ക്കായി മുടക്കിയ പണത്തിന്റെ ലാഭവിഹിതമോ കണക്കോ നൽകിയില്ലെന്ന പരാതിയിൽ നിർമാതാക്കൾക്കെതിരെ കേസെടുത്ത് അന്വേഷിക്കാൻ കോടതി ഉത്തരവ്. ചിത്രത്തിന്റെ നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെ അന്വേഷണം നടത്താനാണ് ഉത്തരവ്. സിനിമയുടെ എക്‌സിക്യൂട്ടീവ് നിർമാതാക്കളിലൊരാളായ അഞ്ജന എബ്രഹാം നൽകിയ ഹർജിയിലാണ് തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. രാഷ്ട്രീയ സ്വാധീനമുള്ള ഇരുവരും തങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിക്കാരി ഹർജിയിൽ പറയുന്നുണ്ട്.

സിനിമയ്ക്കായി താൻ മുടക്കിയത് ആറു കോടി രൂപയാണെന്ന് പരാതിക്കാരി പറയുന്നു. 30 ശതമാനം ലാഭവിഹിതമായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ മുടക്കിയ പണത്തിന്റെ കണക്കോ നൽകിയില്ലെന്നാരോപിച്ച് പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. പിന്നീട് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ സമീപിച്ചെങ്കിലും പരാതി സ്വീകരിക്കാൻ തയാറായില്ല. തുടർന്നാണ് കോടതിയെ സമീപിച്ചതെന്ന് പരാതിക്കാരി പറയുന്നു. തന്നെ അറിയിക്കാതെ ലാഭവിഹിതം എന്ന പേരിൽ മൂന്നു കോടിയിലേറെ രൂപ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തുവെന്നും നിയമനടപടിയിൽ നിന്നും പിന്മാറാൻ നിർബന്ധിക്കുന്നുവെന്നും ഹർജിക്കാരി ആരോപിച്ചു.

സിനിമ വൻ വിജയമായെന്ന് നിർമാതാക്കൾ തന്നെ പ്രഖ്യാപിച്ചിരുന്നു. നൂറ് കോടിയിലേറെ കലക്ഷൻ ലഭിച്ചെന്നാണ് നിർമാതാക്കൾ പറയുന്നത്. എന്നാൽ പലതവണ ആവശ്യപ്പെട്ടിട്ടാണ് നൽകിയ തുക പോലും തിരികെ ലഭിച്ചതെന്ന് പരാതിക്കാരി പറയുന്നു. ഇതിനുശേഷം 3.6 കോടി രൂപ നൽകാമെന്നും കരാർ അവസാനിപ്പിക്കാൻ തയാറാകണമെന്നും നിർമ്മാതാക്കൾ ആവശ്യപ്പെട്ടു. വ്യാജ രേഖകൾ ഉണ്ടാക്കി നിർമാണ ചെലവ് 28 കോടിയിലേറെയായെന്നും അറിയിച്ചു. സിനിമയുടെ വരവ് ചെലവ് കണക്കുകൾ സംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ടെങ്കിലും നൽകിയിരുന്നില്ല. തുടർന്നാണ് ആദ്യം പൊലീസിനെയും നടപടി ഇല്ലാതായതോടെ കോടതിയെയും സമീപിച്ചതെന്നും പരാതിക്കാരി അറിയിച്ചു.

Tags:    

Similar News