ലോഹിയേട്ടനെ കാണിക്കാൻ കൊണ്ട് പോകണം, മീര ജാസ്മിന്റെ അച്ഛനോട് പറഞ്ഞപ്പോൾ ദേഷ്യപ്പെട്ടു; ബ്ലെസി പറയുന്നു

Update: 2024-09-11 11:21 GMT

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിൻ. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ തുടരെ ലഭിച്ച മീര ജാസ്മിൻ തമിഴിലും തെലുങ്കിലും ശ്രദ്ധിക്കപ്പെട്ടു. സൂത്രധാരൻ എന്ന സിനിമയിലൂടെയാണ് മീര ജാസ്മിൻ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ലോഹിതദാസ് ഒരുക്കിയ ചിത്രത്തിൽ ദിലീപായിരുന്നു നായകൻ.

സൂത്രധാരനിൽ സംഹസംവിധായകനായിരുന്നു സംവിധായകൻ ബ്ലെസി. മീര സിനിമാ രംഗത്തേക്ക് കടന്ന് വന്നതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ബ്ലെസി. സഫാരി ടിവിയിലാണ് സംവിധായകൻ ഓർമകൾ പങ്കുവെച്ചത്. ഒരിക്കൽ ഡെന്റൽ ക്ലിനിക്കിൽ ഞാനും ഭാര്യയും കൂടി പോയപ്പോൾ അവിടെ നമ്മുടെ ചർച്ചിൽ തന്നെയുള്ള രണ്ട് കുട്ടികൾ നിൽക്കുന്നത് കണ്ടു. ഈ കുട്ടികളൊക്കെ സിനിമയിൽ വന്നിരുന്നെങ്കിൽ നന്നായേനെ എന്ന് ഭാര്യയോട് ഞാൻ തമാശയ്ക്ക് പറഞ്ഞിരുന്നു. അതിന് ശേഷമാണ് ഈ കുട്ടിയെ അന്വേഷിക്കുന്നത്.

ഞങ്ങളുടെ വീടിന് അടുത്തുള്ളവരാണ്. ഓഡിഷന് മുമ്പ് ഫോട്ടോ ലോഹിയേട്ടന് അയക്കണം. ഫോട്ടോ അയച്ച ശേഷം കുട്ടിയെ ലോഹിയേട്ടനെ കാണിക്കാൻ കൊണ്ട് പോകണം. ജാസ്മിന്റെ വീട്ടിൽ നിന്നും ആരും വരാനില്ല. അച്ഛന് കടുത്ത എതിർപ്പുണ്ട്. ഇക്കാര്യവുമായി അദ്ദേഹത്തെ സമീപിച്ചപ്പോൾ എന്നെ ശാസിച്ച് വിടുകയാണുണ്ടായത്. അതിനാൽ ഡാഡി അറിയാതെ ഷൊർണൂർക്ക് പോകണം. അവരുടെ മമ്മി റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിട്ടു. ഞാൻ എന്റെ ഭാര്യയെയും കൈക്കുഞ്ഞിനെയും കൂടെ കൂട്ടി. അങ്ങനെ ഞങ്ങൾ നാല് പേരും കൂടി ഷൊർണൂർക്ക് ചെന്നു.

അത് ന്യൂ ഇയർ കാലമാണ്. തിരിച്ച് വരവിൽ സൂചി കുത്താൻ പോലും സ്ഥലമില്ലാത്ത കംപാർട്‌മെന്റിൽ യാത്ര ചെയ്യുകയാണ്. ഇടയ്ക്ക് റെയിൽവേ ട്രാക്കുകൾക്കടുത്തുള്ള പോസ്റ്ററുകൾ കണ്ട് ഞാൻ ഈ കുട്ടിയോട് മോളേ, നാളെ നിന്റെ പടവും ഇത് പോലെ വരും എന്ന് പറഞ്ഞു. അവൾ എന്നെ നോക്കി ചിരിക്കും. യേശുദാസിനടുത്ത് അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞ് കൊടുത്തതായി ഞാൻ കേട്ട കാര്യമുണ്ട്. താമര പോലുള്ള പുഷ്പത്തിന്റെ മുകളിൽ ലക്ഷ്മി ദേവി എങ്ങനെയാണ് നിൽക്കുന്നത്.

അത് പോലെ നിൽക്കണമെങ്കിൽ ഭാരമില്ലാത്ത അവസ്ഥ ലക്ഷ്മിക്ക് ഉണ്ടാകണം. അത് പോലെ ആയിരിക്കണം ജീവിതത്തിൽ. അപ്പോഴാണ് ഐശ്വര്യവും സമ്പത്തും വരികയെന്ന് ഞാൻ അവളോട് പറഞ്ഞു. ഈ കുട്ടിക്ക് അഭിനയിക്കാൻ സാധിക്കും എന്ന് വ്യക്തമായി മനസിലാക്കിയാണ് ലോഹിയേട്ടൻ തിരുവല്ലയിൽ എന്റെ വീട്ടിൽ വരുന്നത്. കൂടുതൽ കാര്യങ്ങൾ സംസാരിച്ചപ്പോൾ ലോഹിയേട്ടനും ആത്മവിശ്വാസം വന്നു. എന്റെ വീട്ടിൽ കത്തിച്ച് വെച്ച മെഴുകുതിരിക്ക് മുമ്പിൽ ഈ കുട്ടിക്ക് അഡ്വാൻസ് കൊടുത്തു. അങ്ങനെയാണ് മീര ജാസ്മിന്റെ തുടക്കം. പിന്നീട് മലയാളത്തിലും ഇതര ഭാഷകളിലും മീര ജാസ്മിൻ പ്രശസ്തയായെന്നും ബ്ലെസി ചൂണ്ടിക്കാട്ടി.

Tags:    

Similar News