'വീണ്ടും വിവാഹിതനാകും, ആ ബന്ധത്തിൽ ജനിക്കുന്ന കുഞ്ഞിനെ കാണാൻ മാധ്യമപ്രവർത്തകർ വരരുത്'; നടൻ ബാല

Update: 2024-10-20 05:54 GMT

താൻ വീണ്ടും വിവാഹിതനാകാൻ തീരുമാനിച്ചുവെന്ന വെളിപ്പെടുത്തലുമായി നടൻ ബാല. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് താരം പുതിയ തീരുമാനം അറിയിച്ചത്. വധു ആരാണെന്നുളള ചോദ്യത്തിന് ബാല മറുപടി നൽകിയില്ല. നിയമപരമായി വീണ്ടും വിവാഹിതനാകുമെന്നും ആ ബന്ധത്തിൽ ഒരു കുഞ്ഞ് ജനിച്ചാൽ മാധ്യമപ്രവർത്തകർ ഒരിക്കലും കാണാൻ വരരുതെന്നും താരം വ്യക്തമാക്കി. പലരിൽ നിന്നും തനിക്ക് ഭീഷണി സ്വരമുളള കോളുകൾ വരുന്നുണ്ടെന്നും ബാല പറഞ്ഞു.

'ഭീഷണി സ്വരമുളള കോളുകൾ വന്ന സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നരയോടെ എന്റെ വീടിന്റെ വാതിൽക്കലിൽ ഒരു സ്ത്രീയും കുഞ്ഞും എത്തി മണിയടിച്ചിരുന്നു. അവരോടൊപ്പം ഒരു പയ്യനുമുണ്ടായിരുന്നു. ആരും അങ്ങനെ ആരുടെയും വീട്ടിൽ ഒരിക്കലും പുലർച്ചെ കടക്കാൻ ശ്രമിക്കില്ലല്ലോ? എന്നെ വലിയൊരു ട്രാപ്പിലാക്കാൻ ആരോ ശ്രമിക്കുന്നുണ്ട്'- ബാല പറഞ്ഞു.

ബാലയും മുൻഭാര്യയും തമ്മിലുളള തർക്കം അടുത്തിടെ സോഷ്യൽമീഡിയയിൽ ഏറെ പ്രചരിച്ചിരുന്നു. തർക്കത്തിൽ പ്രതികരിച്ച് ബാലയുടെ മകളും രംഗത്തെത്തിയിരുന്നു. ബാലയും മുൻഭാര്യയും 2019ലാണ് വിവാഹ ബന്ധം വേർപെടുത്തിയത്. മകളെ കാണാൻ മുൻഭാര്യ സമ്മതിക്കാറില്ലെന്ന് ബാല ഒരു അഭിമുഖത്തിൽ ആരോപിച്ചിരുന്നു. ഇതോടെയാണ് പ്രതികരണവുമായി മുൻഭാര്യയും മകളും രംഗത്തെത്തിയത്. അച്ഛൻ അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് മകളും പ്രതികരിച്ചു. ഒടുവിൽ ബാലയ്‌ക്കെതിരെ മുൻഭാര്യ അപകീർത്തിപ്പെടുത്തുന്നെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. കേസിൽ പൊലീസ് ബാലയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ജാമ്യത്തിൽ വിട്ടയക്കുകയുമായിരുന്നു.

Tags:    

Similar News