'പഞ്ചാബി ഹൗസ് ചെയ്യാൻ തന്നാൽ എന്നെകൊണ്ട് സാധിക്കില്ല'; അർജുൻ അശോകൻ

Update: 2024-02-20 11:31 GMT

മമ്മൂട്ടി ചിത്രം ഭ്രമയുഗമാണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിൽ ചർച്ച വിഷയം. റിലീസിനുശേഷം മമ്മൂട്ടിക്കൊപ്പം തന്നെ പ്രശംസ നേടുന്നുണ്ട് അർജുൻ അശോകന്റെയും സിദ്ധാർത്ഥ് ഭരതന്റെയും കഥാപാത്രങ്ങൾ. അർജുൻ അശോകന്റെ കഥാപാത്രം ചെയ്യാനായി ആദ്യം സംവിധായകൻ സമീപിച്ചിരുന്നത് ആസിഫ് അലിയെയാണ്.

എന്നാൽ ഡേറ്റ് ക്ലാഷ് വന്നതോടെ ആസിഫ് അലിക്ക് പിന്മാറേണ്ടി വന്നു. ശേഷമാണ് അർജുനിലേക്ക് ഭ്രമയുഗം എത്തുന്നത്. മമ്മൂട്ടിക്കൊപ്പം തന്നെ മാസ്മരിക പ്രകടനം കാഴ്ചവെക്കാൻ അർജുനും സാധിച്ചുവെന്ന് സിനിമാപ്രേമികൾ പ്രശംസിക്കുമ്പോൾ കരിയറിൽ മറ്റൊരു നാഴികകല്ല് സ്ഥാപിക്കാൻ സാധിച്ച സന്തോഷമാണ് അർജുന്.

ഭ്രമയുഗം ഹൗസ് ഫുള്ളായി തിയേറ്ററുകൾ ഭരിക്കുമ്പോൾ സന്തോഷം പങ്കിട്ട് അർജുൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. അച്ഛന് മലയാള സിനിമയിൽ ചെയ്യാൻ കഴിയാതിരുന്ന കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിനും അർജുൻ പുതിയ അഭിമുഖത്തിൽ മറുപടി നൽകി. ഹാസ്യ കഥാപാത്രങ്ങളാണ് ഹരിശ്രീ അശോകൻ ഏറെയും ചെയ്തിട്ടുള്ളത്.

പല സ്വഭാവമുള്ള കഥപാത്രങ്ങൾ ചെയ്യണമെന്നത് ഹരിശ്രീ അശോകന്റെ ആഗ്രഹമായിരുന്നു. കുറച്ചുനാളുകളെയായുള്ളു ആഗ്രഹിച്ചതുപോലുള്ള കഥപാത്രങ്ങൾ ഹരിശ്രീ അശോകന് ലഭിക്കാൻ തുടങ്ങിയിട്ട്. മിന്നൽ മുരളി അടക്കമുള്ള സിനിമകളിലെ ഹരിശ്രീ അശോകന്റെ പ്രകടനം രമണൻ ഫാൻസിനെപ്പോലും അമ്പരപ്പിച്ചതാണ്.

'അച്ഛന് മലയാള സിനിമയിൽ ചെയ്യാൻ കഴിയാതിരുന്ന കാര്യങ്ങൾ ചെയ്യണമെന്നത് ഒരു പരിധിവരെ എന്റെ ആഗ്രഹം അത് തന്നെയായിരുന്നു. കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന സിനിമയിൽ അച്ഛൻ ഒരു ചെറിയ വേഷം ചെയ്തിരുന്നു. അത് എനിക്ക് ഒരുപാട് ഇമ്പാക്ടുണ്ടാക്കിയ വേഷമാണ്. കാരണം അച്ഛനെ കൊണ്ട് ആ രീതിയിലൊക്കെ ചെയ്യാൻ പറ്റുമെന്ന് എനിക്ക് വരെ തോന്നിയത് ആ സിനിമയും ബാവൂട്ടിയുടെ നാമത്തിലുമൊക്കെ കണ്ടപ്പോഴാണ്.'

'അച്ഛന് സിനിമ ഇല്ലാതായ കാലത്ത് എനിക്ക് സിനിമയിൽ എത്തണം അത് അഭിനയം അല്ലെങ്കിൽ ഡയറക്ടർ സൈഡ് എന്ന ആഗ്രഹം വന്നിരുന്നു. എനിക്ക് ഇത് മാത്രമെ പറ്റുള്ളൂ എന്ന് മനസിലായപ്പോഴാണ് അങ്ങനെ ഒരു ആഗ്രഹം വന്നത്.'

'പിന്നെ അച്ഛൻ എവിടെ നിർത്തിയോ അവിടെ തുടങ്ങണം. അത് നല്ല രീതിയിൽ ചെയ്യണം എന്നൊക്കെയുള്ള ആഗ്രഹവുമുണ്ടായിരുന്നു. പക്ഷെ വേറെ ഒരു താളം നോക്കിയാൽ എന്നെയും അച്ഛനെയും ഒരിക്കലും താരതമ്യപെടുത്താൻ പറ്റില്ല. കാരണം അച്ഛൻ വേറെ ലെവൽ ഒരു ആക്ടറാണ്.'

'സത്യാവസ്ഥ പറഞ്ഞാൽ അച്ഛൻ വേറെ ലെവൽ ഒരു പൊളി പൊളിച്ചുവെച്ചേക്കുവാണ്. അതൊന്നും ഒരിക്കലും എന്നെ കൊണ്ട് പറ്റില്ല. പഞ്ചാബി ഹൗസൊക്കെ എനിക്ക് ചെയ്യാൻ തന്നാൽ എന്നെകൊണ്ട് ഒരിക്കലും ചെയ്യാൻ സാധിക്കില്ല. അതൊക്കെ വർഷങ്ങളോളം അല്ലെങ്കിൽ ആയിരക്കണക്കിന് സ്റ്റേജുകളിൽ കോമഡി ചെയ്തുകൊണ്ട് അച്ഛൻ ഉണ്ടാക്കി എടുത്ത തഴമ്പാണ്. ഒരിക്കലും കമ്പയർ ചെയ്യാൻ പറ്റില്ല', എന്നാണ് അർജുൻ പറഞ്ഞത്.

Tags:    

Similar News