'അവരവരുടെ സ്റ്റാറ്റസിനനുസരിച്ചാണ് ആളുകള്‍ സംസാരിക്കുന്നത്': പ്രകാശ് രാജിനെതിരെ അനുപം ഖേര്‍
കശ്മീര്‍ ഫയല്‍സ് സിനിമയുമായി ബന്ധപ്പെട്ട് നടന്‍ പ്രകാശ് രാജ് നടത്തിയ പ്രസ്താവനയില്‍ പ്രതികരണവുമായി നടന്‍ അനുപം ഖേര്‍.
അവരവരുടെ സ്റ്റാറ്റസിനനുസരിച്ചാണ് ആളുകള്‍ സംസാരിക്കുന്നതെന്നും ചിലര്‍ക്ക് ജീവത കാലം മുഴുവന്‍ നുണ പറഞ്ഞ് ജീവിക്കേണ്ടി വരുമെന്നും നടന്‍ പറഞ്ഞു. കശ്മീര്‍ ഫയല്‍സ് ഒരു അസംബന്ധ ചിത്രമാണെന്നായിരുന്നു പ്രകാശ് രാജിന്‍റെ പ്രസ്താവന.
'അവരവരുടെ സ്റ്റാറ്റസിനനുസരിച്ചാണ് ആളുകള്‍ സംസാരിക്കുന്നത്. ചിലര്‍ക്ക് ജീവത കാലം മുഴുവന്‍ നുണ പറഞ്ഞ് ജീവിക്കേണ്ടി വരും. അതേസമയം മറ്റുള്ളവര്‍ സത്യം പറയും. ജീവിതത്തില്‍ എല്ലായ്പ്പോഴും സത്യം പറഞ്ഞവരില്‍ ഒരാളണ് ഞാന്‍. ആരെങ്കിലും നുണ പറഞ്ഞ് ജീവിക്കുന്നുണ്ടെങ്കില്‍ അതാവാം അവരുടെ ആഗ്രഹം', എന്ന് അനുപം ഖേര്‍ പറയുന്നു. നവഭാരത് ടൈംസിനോട് ആയിരുന്നു നടന്‍റെ പ്രതികരണം.
'ക' ഫെസ്റ്റിവല്‍ പങ്കെടുത്ത് സംസാരിക്കവെ ആയിരുന്നു പ്രകാശ് രാജ് കാശ്മീര്‍ ഫയല്‍സിന് എതിരെ രംഗത്തെത്തിയത്. "കശ്മീര്‍ ഫയല്‍സ് ഒരു അസംബന്ധ ചിത്രമാണ്. നമ്മുക്കെല്ലാം അറിയാം അത് ആരാണ് നിര്‍മ്മിച്ചതെന്ന്. അന്താരാഷ്ട്ര ജൂറി അതിന്‍റെ മുകളില്‍ തുപ്പുകയാണ് ചെയ്തത്. എന്നിട്ട് പോലും അവര്‍ക്ക് നാണമില്ല. അതിന്‍റെ സംവിധായകന്‍ ഇപ്പോഴും പറയുന്നു, "എന്തുകൊണ്ട് എനിക്ക് ഓസ്കാര്‍ ലഭിക്കുന്നില്ലെന്ന്?" അയാള്‍ക്ക് ഒരു ഭാസ്‌കരന്‍ പോലും കിട്ടില്ല", എന്നായിരുന്നു നടന്റെ പ്രസ്താവന.
പിന്നാലെ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകന്‍ വിവേക് അഗ്നിഹോത്രിയും എത്തി. "ജനങ്ങളുടെ സിനിമയായി കൊച്ചു ചിത്രം കശ്മീര്‍ ഫയല്‍സ് ഒരു കൊല്ലത്തിനപ്പുറവും അര്‍ബന്‍ നക്സലുകള്‍ക്കും അവരുടെ പിടിയാളുകള്‍ക്കും ഉറക്കമില്ലാത്ത രാത്രി സമ്മാനിക്കുന്നു. അതിന്‍റെ കാഴ്ചക്കാരെ കുരയ്ക്കുന്ന പട്ടികള്‍ എന്ന് വിളിക്കുന്നു. മി. അന്ധകാര്‍ രാജ് ( പ്രകാശ് രാജിനെ ഉദ്ദേശിച്ച്) എനിക്ക് എങ്ങനെയാണ് 'ഭാസ്കര്‍' കിട്ടുക. അവളും അവനും എല്ലാം നിങ്ങള്‍ക്കാണ്", എന്നായിരുന്നു സംവിധായകന്റെ മറുപടി