തിരുവനന്തപുരം ജില്ലയിലെ വെമ്പായത്തിനു സമീപമുള്ള മനോഹരമായ ട്രെക്കിങ് പോയിന്റാണ് തമ്പുരാന്‍ പാറ. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് തമ്പുരാന്‍ പാറ തീര്‍ച്ചയായും പുതിയൊരു അനുഭവമായിരിക്കും. മലകയറി ചെന്നാല്‍ നയനമനോഹരമായ കാഴ്ചയുടെ സ്വര്‍ഗം സഞ്ചാരികള്‍ക്കു മുന്നില്‍ പ്രകൃതി തുറന്നിടുന്നു. തണുത്തകാറ്റും ശുദ്ധവായുവും മനസിനും ശരീരത്തിനും ഉണര്‍വു പകരും.
തിരുവനന്തപുരം നഗരത്തില്‍നിന്ന് ഇരുപതു കിലോമീറ്റര്‍ അകലെയാണ് വെമ്പായം. വെമ്പായത്തുനിന്ന് മൂന്നാനക്കുഴിയിലേക്കു പോകുന്ന വഴിക്കാണ് തമ്പുരാന്‍-തമ്പുരാട്ടി പാറ സ്ഥിതി ചെയ്യുന്നത്. തിരുമുറ്റം പാറയെന്നും മുത്തിപ്പാറയെന്നും പേരുള്ള അംഗരക്ഷകന്മാരെ കടന്നുവേണം തമ്പുരാട്ടി പാറയില്‍ എത്തിച്ചേരാന്‍. കിടക്കുന്ന സ്ത്രീയുടെ ആകൃതിയാണ് തമ്പുരാട്ടി പാറയ്ക്കുള്ളത്.
തമ്പുരാട്ടി പാറയും കടന്നുവേണം തമ്പുരാന്‍ പാറയിലെത്താന്‍. കൂട്ടത്തില്‍ ഏറ്റവും ഉയരമുള്ള തമ്പുരാന്‍ പാറ ആകാശത്തേക്കു തലയുയര്‍ത്തി നില്‍ക്കുന്നതു കാണുന്നതുതന്നെ അനുഭവമാണ്. സമുദ്രനിരപ്പില്‍നിന്ന് 700 അടിയിലേറെ ഉയരത്തിലാണ് തമ്പുരാന്‍-തമ്പുരാട്ടി പാറ സ്ഥിതി ചെയ്യുന്നത്. 17 ഏക്കറോളം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഇവിടെ കൊടുംവേനലിലും വറ്റാത്ത നീരുറവയുമുണ്ട്.