എ.ഡി.എച്ച്.ഡി ഉള്ളതുമൂലം മേക്കപ് കസേരയിൽപ്പോലും തനിക്ക് അടങ്ങിയിരിക്കാനാവില്ല; എന്തുകാര്യമായാലും പെട്ടെന്ന് നടക്കണം എന്ന ചിന്തയാണ്: ആലിയ ഭട്ട്

Update: 2024-09-20 08:17 GMT

മലയാള സിനിമാ താരങ്ങളായ ഫഹദ് ഫാസിലും ഷൈൻ ടോം ചാക്കോയും തങ്ങൾക്ക് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ഡിസോർഡർ സ്ഥിരീകരിച്ചതിനേക്കുറിച്ച് അടുത്തിടെയാണ് തുറന്നുപറഞ്ഞത്. ഇപ്പോഴിതാ ബോളിവുഡ് താരം ആലിയ ഭട്ട് താനും സമാന അവസ്ഥയിലൂടെ കടന്നുപോകുന്നയാളാണെന്ന് പറഞ്ഞിരിക്കുകയാണ്.

അല്യൂർ മാ​ഗസിന് നൽകിയ അഭിമുഖത്തിലാണ് ആലിയ ഇതേക്കുറിച്ച് പങ്കുവെച്ചത്. എ.ഡി.എച്ച്.ഡി ഉള്ളതുമൂലം മേക്കപ് കസേരയിൽപ്പോലും തനിക്ക് അടങ്ങിയിരിക്കാനാവില്ലെന്ന് ആലിയ പറയുന്നു. ഒരു മേക്അപ് കസേരയിൽ നാൽപ്പത്തിയഞ്ച് മിനിറ്റിൽ കൂടുതൽ താൻ ചെലവഴിക്കില്ലെന്നാണ് ആലിയ പറയുന്നത്. എ.ഡി.എച്ച്.ഡി. ഉള്ളതുകൊണ്ടാണ് തനിക്ക് ഒരിടത്ത് കൂടുതൽ സമയം ചെലവഴിക്കാൻ കഴിയാത്തത്. എന്തുകാര്യമായാലും പെട്ടെന്ന് നടക്കണം എന്ന ചിന്തയാണ് തനിക്കുള്ളതെന്നും ആലിയ പറയുന്നു.

തന്റെ വിവാഹദിനത്തിൽ മേക്കപ്മാൻ ഇതേക്കുറിച്ച് പറയുകയുണ്ടായെന്നും ആലിയ പറയുന്നുണ്ട്. ഇന്ന് രണ്ടുമണിക്കൂർ സമയമെങ്കിലും തനിക്ക് നൽകണമെന്നാണ് മേക്അപ് ആർട്ടിസ്റ്റായ പുനീത് അന്ന് പറഞ്ഞത്. എന്നാൽ തന്നേക്കൊണ്ട് അതിനു കഴിയില്ലെന്നും പ്രത്യേകിച്ച് വിവാഹദിനമായതിനാൽ രണ്ടുമണിക്കൂർ നൽകാനാവില്ല തനിക്ക് ചിൽ ചെയ്യണമെന്നുമാണ് മറുപടി പറഞ്ഞതെന്ന് ആലിയ പറയുന്നു.

നേരത്തേയും മാനസികാരോ​ഗ്യത്തിന് നൽകേണ്ട പ്രാധാന്യത്തേക്കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ളയാളാണ് ആലിയ. ഉത്കണ്ഠാ രോ​ഗത്തിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചാണ് മുമ്പ് ആലിയ തുറന്നുപറഞ്ഞത്. ഉത്കണ്ഠയെ ട്രി​ഗർ ചെയ്യുന്ന ചില കാര്യങ്ങൾ എല്ലാവർക്കുമുണ്ടാകും.

തനിക്ക് നിയന്ത്രണാതീതമായ സന്ദർഭങ്ങൾ വരുമ്പോൾ അത് ഉൾക്കൊള്ളാനും അനുഭവിക്കാനുമുള്ള സമയം സ്വയം നൽകുമെന്നും മറിച്ച് അത്തരം ഘട്ടങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചാൽ ​ഗുണത്തേക്കാളേറെ ദോഷമാണുണ്ടാവുക എന്നുമാണ് അന്ന് ആലിയ പറഞ്ഞത്. കൂടാതെ വിശ്വാസമുള്ള ഒരാളോട് സംസാരിക്കൂ എന്നും അത് സഹായകമാകുമെന്നും ആലിയ പറഞ്ഞിരുന്നു.

Tags:    

Similar News