സിനിമയില്‍ നിന്ന് മാറി നിന്നത് മകള്‍ ജനിച്ച സമയത്ത് മാത്രമാണ്: നടി മീന

Update: 2024-05-03 09:08 GMT

സിനിമയില്‍ ബാലതാരമായി എത്തിയ മീന ഒരു കാലത്ത് തമിഴിലെയും തെലുങ്കിലും വലിയ ഡിമാന്‍ഡുള്ള നായികയായിരുന്നു. രജിനികാന്തിന്റെ മകളായും വര്‍ഷങ്ങള്‍ക്ക് ശേഷം രജിനികാന്തിന്റെ നായികയായും മീന അഭിനയിച്ചു. ഇരുവരുടെയും കോംബോ വലിയ ഹിറ്റായിരുന്നു.

2009ല്‍ ബാംഗ്ലൂര്‍ സ്വദേശിയായ വിദ്യാസാഗറിനെ വിവാഹം കഴിച്ചെങ്കിലും നടി സിനിമയില്‍ നിന്ന് അധികകാലം വിട്ടു നിന്നിട്ടില്ല. എന്നാല്‍ 2022ല്‍ ഭര്‍ത്താവ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളാല്‍ മരിച്ചത് നടിക്ക് വലിയ ദുഃഖമാണ് നല്‍കിയത്. ഇപ്പോഴിതാ ഭര്‍ത്താവിനെക്കുറിച്ചും അദ്ദേഹമില്ലാത്ത ജീവിതത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് മീന.

ഒരു അഭിമുഖത്തിലാണ് മീന തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചുമെല്ലാം പറയുന്നത്. സിനിമയില്‍ നിന്ന് മാറി നിന്നത് മകള്‍ ജനിച്ച സമയത്ത് മാത്രമാണെന്നും സാഗറിന്റെ മരണം വല്ലാതെ തന്നെ തളര്‍ത്തിയെന്നും മീന പറയുന്നു.

സിനിമയില്‍ നിന്ന് ഒരു വലിയ ഇടവേളയെടുക്കേണ്ടി വന്നിട്ടില്ല. വിവാഹം ഒന്നിനും തടസ്സമായിരുന്നുമില്ല. വിവാഹത്തിന് തൊട്ടുപിന്നാലെ ഒരു കന്നഡ സിനിമ ചെയ്തു. ടെവിവിഷന്‍ പരിപാടികളിലും സജീവമായിരുന്നുവെന്ന് പറയുകയാണ് മീന. എന്നാല്‍ ഗര്‍ഭിണിയായതിനുശേഷവും മകളുടെ ജനനത്തിന് ശേഷവുമാണ് എനിക്ക് ഒരു ചെറിയ ഇടവേള വന്നത്.

എന്നാല്‍ സിനിമ തന്റെ ജോലിയും പാഷനുമാണെന്ന് നല്ല ബോധ്യമുണ്ടായിരുന്നു. അതിനുശേഷമാണ് ദൃശ്യത്തില്‍ അഭിനയിക്കാനുള്ള അവസരം വന്നത്. പക്ഷേ, മകള്‍ നന്നേ ചെറുതായതിനാല്‍ അഭിനയിക്കണോ വേണ്ടയോ എന്ന സംശയമുണ്ടായിരുന്നു. മകളുടെ അടുത്തുനിന്ന് മാറിനില്‍ക്കുന്നത് വലിയ സങ്കടമുള്ള കാര്യമായിരുന്നു. പക്ഷേ, മോഹന്‍ലാല്‍സാറും ആന്റണി പെരുമ്പരും ജീത്തുസാറുമെല്ലാം തനിക്ക് നല്ല പിന്തുണ നല്‍കിയെന്നും മീന അഭിമുഖത്തില്‍ പറഞ്ഞു.

'ഭര്‍ത്താവ് സാഗര്‍ നല്‍കിയ പിന്തുണ വലുതായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം വല്ലാതെ തളര്‍ത്തി. പക്ഷേ, ജീവിതം ഇനിയും ബാക്കിയുണ്ട്. ജീവിതം എല്ലായ്പ്പോഴും ഒരുപോലെയായിരിക്കില്ല. മുന്നോട്ടുപോയേ പറ്റൂ. സന്തോഷം പോലെ തന്നെ വിഷമങ്ങളും എന്നെ തേടിയെത്തിയിട്ടുണ്ട്. അതിനെ മറികടക്കാന്‍ സിനിമയും അതിലൂടെ ലഭിച്ച സൗഹൃദങ്ങളും ഒരുപാട് സഹായിച്ചിട്ടുണ്ട്,' മീന പറഞ്ഞു.

പ്രേക്ഷകര്‍ക്ക് നമ്മുടെ ചിരി കാണാനാണ് ഇഷ്ടം. അതിനപ്പുറമുള്ള ദുഃഖങ്ങള്‍ നമ്മുടെ സ്വകാര്യമാണ്. ജീവിതത്തെ ശുഭാപ്തിവിശ്വാസത്തോടെ കാണാന്‍ തന്നെ പഠിപ്പിച്ചത് സിനിമയാണെന്നും മീന പറയുന്നു. ഇന്നത്തെ കാലത്തെ പെണ്‍കുട്ടികള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ പറയാനും അത് ചോദിച്ചുവാങ്ങാനും നന്നായി അറിയാം. അതൊരു നല്ല മാറ്റമായിട്ടാണ് താന്‍ കാണുന്നത്.

'ഞാനൊക്കെ അല്പം അന്തര്‍മുഖയായിരുന്നു. എല്ലാറ്റിനും അമ്മ വേണം, അമ്മ പറയണം, അമ്മ ചോദിക്കണം അങ്ങനെയായിരുന്നു. എന്തെങ്കിലും ചോദിക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. എന്നാല്‍ സമയം പോകപ്പോകെ, ചിന്തിക്കാന്‍ തുടങ്ങി, ഞാന്‍ എന്താണ് ഇങ്ങനെ, മറ്റുള്ളവരെല്ലാം നല്ല ധൈര്യമുള്ളവരാണല്ലോ എന്ന തോന്നലുണ്ടായി. പിന്നീട് ഞാനും മാറാന്‍ ശ്രമിച്ചു. അതൊരുതരത്തില്‍ നന്നായി സഹായിച്ചിട്ടുണ്ട്,' മീന പറഞ്ഞു.

ചെറുപ്പത്തില്‍ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും രജനീകാന്തിനൊപ്പം അഭിനയിച്ച 'അന്‍പുള്ള രജനികാന്ത്' എന്ന സിനിമ തനിക്ക് വളരെ സ്പെഷ്യലാണ്. രജനികാന്ത്, അംബികാ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എങ്കിലും സിനിമ പ്രധാനമായും തന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് നടന്നിരുന്നതെന്നും മീന ഓര്‍ക്കുന്നു.

Tags:    

Similar News