മൂന്നരവർഷത്തോളം ഒരാളെ പ്രണയിച്ചിരുന്നു; എന്നാലിപ്പോൾ പ്രണയമില്ല: ജോസഫ് അന്നംകുട്ടി ജോസ്

Update: 2024-12-03 09:57 GMT

ആരെയും ബോധിപ്പിക്കാൻ വേണ്ടിയാകരുത് വിവാഹമെന്ന് മോട്ടിവേഷണൽ സ്‌പീക്കറും എഴുത്തുകാരനും അഭിനേതാവുമായ ജോസഫ് അന്നംകുട്ടി ജോസ്. മൂന്നരവർഷത്തോളം ഒരാളെ പ്രണയിച്ചിരുന്നുവെന്നും എന്നാലിപ്പോൾ പ്രണയമില്ലെന്നും ജോസഫ് മനസുതുറന്നു. ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'തന്റെ പ്രണയം വർക്കായില്ല. ആരെയും ബോധിപ്പിക്കാൻ കല്യാണം കഴിക്കാനാവില്ലല്ലോ. പ്രണയം വർക്കാവാത്തതിനാൽ ഇനി ജീവിതത്തിൽ ഒരു പെണ്ണില്ല എന്ന ഫിലോസഫിക്കൽ ലൈനുമില്ല. എന്റെ ജീവിതം ഇപ്പോൾ വളരെ അർത്ഥവത്തായതാണ്.

ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്. പ്രണയം ഇനിയും ഉണ്ടാവും. എന്നാൽ വിവാഹം കഴിക്കുമോയെന്ന് ഉറപ്പില്ല. സാമൂഹിക മാനദണ്ഡങ്ങൾ അതേപ്പടി പാലിക്കണമെന്നില്ല. വയസാം കാലത്ത് ഒരു കട്ടൻകാപ്പി എടുത്ത് തരാൻ ഒരാള് എന്ന സങ്കൽപ്പമൊക്കെ ഇന്നില്ല എന്നാണ് തോന്നുന്നത്. ഇന്ന് എല്ലാവർക്കും കട്ടൻകാപ്പി കിട്ടുന്നുണ്ടോയെന്ന് അറിയില്ല.

അതൊന്നും കല്യാണം കഴിക്കാനുള്ള കാരണമായി ഞാൻ കരുതുന്നില്ല. നിങ്ങൾ ശരിക്കും കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്നുള്ളതാണ് കാര്യം. നിങ്ങളുടെ ജീവിതത്തിൽ ഒരാൾ കൂടി ഉണ്ടായാൽ മാത്രമേ പൂർണമാവുകയുള്ളൂ എന്ന തോന്നലുണ്ടാകുന്നുവെങ്കിൽ, ആഗ്രഹമുണ്ടെങ്കിൽ തീർച്ചയായും കല്യാണം കഴിക്കണം. പ്രണയം സംഭവിക്കുന്നതാണ് എന്നാണ് ഞാൻ എപ്പോഴും കരുതുന്നത്.

ഞാൻ എന്റെ ജീവിതത്തിൽ മറ്റുള്ളവർ പറഞ്ഞതിനാൽ മാത്രം എടുത്തതൊരു തീരുമാനം സെമിനാരിയിൽ പോയതാണ്. അച്ഛനാകുന്നതിനായി മൂന്ന് വർഷം സെമിനാരിയിൽ ഉണ്ടായിരുന്നു. അന്ന് അച്ഛനായിരുന്നുവെങ്കിൽ ഭൂമിക്ക് ഭാരമാകുന്ന ഒരാളായി മാറിയേനെ. അതിനാൽ വിവാഹകാര്യത്തിലും ആരെന്തുപറഞ്ഞാലും എന്റെ ബോദ്ധ്യമാണത്.'- ജോസഫ് പറഞ്ഞു.

Tags:    

Similar News