'നാടകത്തില്‍ അഭിനയം, പ്രണയം; 16 വയസ്സുള്ളപ്പോള്‍ വിവാഹം,', പൊന്നമ്മ ബാബു
മലയാള സിനിമയുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് പൊന്നമ്മ ബാബു. അമ്മ കഥാപാത്രങ്ങളില്‍ കോമഡി ചേര്‍ത്ത് അവതരിപ്പിച്ചാണ് പൊന്നമ്മ ശ്രദ്ധയാവുന്നത്. ചെറിയ പ്രായത്തില്‍ നാടകത്തില്‍ അഭിനയിച്ചു തുടങ്ങി അതിന്റെ സംവിധായകനുമായി പ്രണയിച്ച് വിവാഹിതയായ പൊന്നമ്മ തന്റെ വിവാഹത്തെക്കുറിച്ച് പിന്നീടുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ മനസ്സുതുറക്കുകയാണ് ഇപ്പോള്‍.16 വയസ്സുള്ളപ്പോള്‍ നാടക സംവിധായകനായ ബാബുവുമായിട്ടുള്ള തന്റെ വിവാഹം കഴിഞ്ഞുവെന്നും പിന്നീട് 18 വര്‍ഷത്തോളം അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു എന്നും ഗൃഹലക്ഷ്മിക്ക് നല്‍കിയ പുതിയ അഭിമുഖത്തിലൂടെയാണ് പൊന്നമ്മ ബാബു വെളിപ്പെടുത്തുന്നത്. ഒപ്പം സിനിമക്കാരെല്ലാം മോശക്കാരാണെന്ന് ചിന്ത തെറ്റാണെന്ന് നടി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്.
'താന്‍ നൃത്തം കളിക്കുന്നത് കണ്ടിട്ടാണ് സിനിമാക്കാരും നാടകക്കാരുമൊക്കെ അഭിനയിക്കാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചു തന്റെ വീട്ടിലെത്തുന്നത്. അവസാനം നാടകക്കാരോട് സമ്മതം മൂളി. പാലാ സെന്റ് മേരീസ് സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് 'ഏറ്റുമാനൂര്‍ സുരഭില'യുടെ മാളം എന്ന നാടകത്തില്‍ ആദ്യമായി അഭിനയിക്കുന്നത്. അക്കാലത്ത് ട്രൂപ്പുകളുടെ മാനേജരും സംവിധായകനുമായിരുന്നു ബാബുച്ചേട്ടന്‍. അദ്ദേഹവുമായി പ്രണയത്തിലായി.
പതിനാറാം വയസ്സില്‍ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തിനുശേഷം 18 വര്‍ഷത്തോളം അഭിനയത്തില്‍ നിന്ന് മാറി നിന്നു. ഇതിനിടയില്‍ മൂന്നു മക്കളെ പ്രസവിച്ചു. വീട്ടിലിരുന്ന് മടുപ്പ് വന്നു തുടങ്ങിയപ്പോഴും സാമ്പത്തികമായ ബുദ്ധിമുട്ടുകളും വന്നതോടെ നൃത്ത അധ്യാപകയായി. ഇതിനൊപ്പം തയ്യലും പഠിച്ചു.
ഇളയ മകള്‍ക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് വീണ്ടും നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയത്. പിന്നീട് സ്ഥിരം നാടകങ്ങളില്‍ നായികയായും സഹനടിയായും അഭിനയിച്ചു. നാടകത്തിലൂടെ തന്നെയാണ് സിനിമയിലേക്കുള്ള വാതിലുകളും തനിക്ക് മുന്നില്‍ തുറന്നതെന്ന്' പൊന്നമ്മ ബാബു പറയുന്നു.
സിനിമയില്‍ നടക്കുന്ന പുതിയ വിവാദങ്ങളെ കുറിച്ചും നടി അഭിമുഖത്തില്‍ വ്യക്തമാക്കി. 'സിനിമാക്കാരെല്ലാം മോശക്കാര്‍ അല്ലെന്നാണ് പൊന്നമ്മ പറയുന്നത്. സിനിമയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ താന്‍ അഭിപ്രായം തുറന്നു പറയാറുണ്ട്. അഭിപ്രായം പറയാന്‍ ആരെയും പേടിക്കേണ്ടതില്ല. കുടുംബത്തില്‍ ഒരു പ്രശ്‌നം വരുമ്പോള്‍ നമ്മള്‍ അതില്‍ ഇടപെട്ട് രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കും. അതുപോലെതന്നെയാണ് ഞാന്‍ സിനിമയെയും കാണുന്നത്. അതും എന്റെ കുടുംബമാണ്.
അടുത്തകാലത്ത് സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ വിഷയങ്ങളില്‍ മമ്മൂക്കയെയും ലാലേട്ടനെയും അനാവശ്യമായി സോഷ്യല്‍ മീഡിയയില്‍ ആള്‍ക്കാര്‍ മോശക്കാരായി ചിത്രീകരിക്കാന്‍ ശ്രമിച്ചിരുന്നു. അപ്പോള്‍ ഞാന്‍ പ്രതികരിച്ചു. അവര്‍ സിനിമയോടും സിനിമ പ്രവര്‍ത്തകരോടും കാണിച്ച ആത്മാര്‍ത്ഥത എന്താണെന്ന് എനിക്കറിയാം. ആര്‍ക്ക് എന്ത് പ്രശ്‌നമുണ്ടായാലും അവര്‍ ഇരുവരും ഇടപെടാറുണ്ട്.
നിലവില്‍ ഉയര്‍ന്ന പരാതികളില്‍ അന്വേഷണം നടക്കട്ടെ. കുറ്റക്കാര്‍ ആണെങ്കില്‍ അവരെ ശിക്ഷിക്കട്ടേ. അല്ലാതെ അതിന്റെ പേരില്‍ എല്ലാവരെയും കരിവാരി തേക്കുന്നത് ശരിയല്ല. സിനിമക്കാരെല്ലാം മോശക്കാരാണെന്ന് പ്രതീതി ഉണ്ടാക്കാന്‍ നടത്തുന്ന ശ്രമങ്ങളെ എതിര്‍ക്കുമെന്നും' നടി പറയുന്നു.