ശ്രീവിദ്യ തനിക്ക് ചുറ്റുമുള്ള മനുഷ്യരെ കണ്ണുമടച്ച് വിശ്വസിക്കും: മധു

Update: 2024-04-21 11:24 GMT

ശ്രീവിദ്യയെക്കുറിച്ച് നടന്‍ മധു പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു. തനിക്ക് ചുറ്റുമുള്ള മനുഷ്യരെ കണ്ണുമടച്ച് വിശ്വസിച്ചിരുന്ന ആളായിരുന്നു ശ്രീവിദ്യ എന്ന് പറയുകയാണ് മധു. എത്ര പൊള്ളലുകള്‍ ഏറ്റുവാങ്ങിയിട്ടും അതില്‍ നിന്ന് ഒരു പാഠവും പഠിക്കാന്‍ അവര്‍ക്ക് ആയില്ലെന്നും മധു പറഞ്ഞതായി ഗൃഹലക്ഷ്മി റിപ്പോര്‍ട്ട് ചെയ്യുന്നു.

'ചില കുട്ടികള്‍ അങ്ങനെയാണ്, തൊടരുത്, തൊട്ടാല്‍ പൊള്ളും എന്ന് പലവട്ടം പറഞ്ഞാലും കേള്‍ക്കില്ല. അവര്‍ അതില്‍ തൊടും. കൈ പൊള്ളുമ്പോള്‍ മത്രമേ പറഞ്ഞതിന്റെ ഗൗരവം മനസിലാകൂ. ശ്രീവിദ്യയും അങ്ങനെയായിരുന്നു. തനിക്ക് ചുറ്റുമുള്ള സകല മനുഷ്യരെയും കണ്ണുമടച്ച് വിശ്വസിച്ചു. പലപ്പോഴും അതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കാള്ളാന്‍ അവര്‍ക്ക് കഴിഞ്ഞില്ല,' മധു പറഞ്ഞു.

53 വയസിനിടയില്‍ ശ്രീവിദ്യ സിനിമയില്‍ അവതരിപ്പിച്ച കഥാപാത്രത്തെക്കാള്‍ വലിയ ജീവിതമാണ് അവര്‍ ജീവിച്ച് തീര്‍ത്തത് എന്നും ഒരര്‍ത്ഥത്തില്‍ വേദനയുടെ കടലായിരുന്നു ശ്രീവിദ്യയുടെ ജീവിതമെന്നും മധു പറഞ്ഞു. ഒരു ദുഃഖത്തില്‍ നിന്ന് കരകയറാന്‍ മറ്റൊരു ദുഃഖത്തെയാണ് അവര്‍ കൂട്ടുപിടിച്ചത്. അവരുടെ വേദനകള്‍ ആരെയും അറിയിക്കാന്‍ അവര്‍ താത്പര്യം കാണിച്ചില്ലെന്നും മധു പറയുന്നു.

ശ്രീവിദ്യ തന്റെ വ്യക്തി ജീവിതത്തില്‍ അനുഭവിച്ച കാര്യങ്ങള്‍ അവരുടെ മരണ ശേഷം മാത്രമാണ് ആളുകള്‍ക്ക് മനസിലായത്. അഭിനേത്രി എന്ന് വിളിക്കാവുന്ന അപൂര്‍വ്വം ചില ആര്‍ടിസ്റ്റുകളില്‍ ഒരാളായിരുന്നു ശ്രീവിദ്യ. സത്യത്തില്‍ ആര്‍ടിസ്റ്റ് എന്ന നിലയില്‍ ശ്രീവിദ്യയോട് തനിക്ക് എന്നും ആരാധന ആണെന്നും മധു പറയുന്നു.

എ വിന്‍സെന്റ് മാഷ് സംവിധാനം ചെയ്ത ചെണ്ട എന്ന ചിത്രത്തിലൂടെയായിരുന്നു ആദ്യമായി താനും ശ്രീവിദ്യയും ഒരുമിച്ച് അഭിനയിച്ചത്. ആ സിനിമയില്‍ തന്നെ ശ്രീവിദ്യ എന്ന നടിയുടെ കഴിവ് താന്‍ മനസിലാക്കിയിരുന്നു. ഏത് കഥാപാത്രമായാലും അതിനനുസരിച്ച് മാറാനുള്ള അഭിനയ വൈദഗ്ധ്യം ശ്രീവിദ്യയ്ക്ക് ഉണ്ടായിരുന്നു. കോമ്പിനേഷന്‍ സീനുകളില്‍ പലപ്പോഴും ശ്രീ വിദ്യ തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അത്രമാത്രം തന്മയത്വത്തോടെയാണ് അവര്‍ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുക എന്നും മധു ഓര്‍ത്തെടുക്കുന്നു.

തന്റെ പല വേഷങ്ങളും പൂര്‍ണമായതിന് പിന്നിലും നടീനടന്മാര്‍ തമ്മിലുള്ള രസതന്ത്രമുണ്ടാകും. ഷീലയും ശാരദയും ജയഭാരതിയുമൊക്കെ മിക്ക സിനിമകളിലും തന്റെ നായികമാരായി വന്നെങ്കിലും പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടത് താനും ശ്രീവിദ്യയും തമ്മിലുള്ള കോമ്പിനേഷനാണ്. മറ്റുള്ള നായികമാര്‍ ഇവര്‍ക്ക് താഴെയാണ് എന്നല്ല അതിനര്‍ത്ഥമെന്നും മധു പറയുന്നു.

അവരുടെ കഴിവിനൊത്ത അംഗീകാരങ്ങള്‍ അവര്‍ക്ക് ലഭിച്ചിട്ടില്ല. കാമുകിയും ഭാര്യയുമായി അഭിനയിക്കുമ്പോഴും അമ്മയായും അമ്മൂമയായും അഭനയിക്കാനുള്ള തന്റേടം അവര്‍ കാണിച്ചിരുന്നു. പ്രണയവും പ്രണയ ഭംഗവുമായി ജീവിതത്തില്‍ പലതും സങ്കീര്‍ണമായ തിരിച്ചടികളായി മാറിയപ്പോള്‍ അമ്മ വസന്തകുമാരിയിലും ആത്മീയതയിലുമാണ് നടി അഭയം കണ്ടെത്തിയത്.

നൃത്തത്തിലും കച്ചേരികളിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അസുഖം ബാധിക്കുന്നത്. താന്‍ വൈകിയാണ് അസുഖവിവരം അറിഞ്ഞത്. ആ സമയത്ത് തന്നെ കാണാന്‍ ശ്രീവിദ്യയ്ക്ക് പ്രയാസമുണ്ടായിരുന്നു. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ സായി ഭജന്‍ പാടുന്ന ശ്രീവിദ്യയെയാണ് അവസാനം കാണുന്നത്. രണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ അവര്‍ ആശുപത്രിയിലായി. മരണവും സംഭവിച്ചുവെന്നും മധു ഓര്‍ത്തെടുത്തു.

Tags:    

Similar News