210 വർഷം പഴക്കമുള്ള അമ്മച്ചിക്കൊട്ടാരത്തിന്റെ ഇന്നത്തെ അവസ്ഥ...

Update: 2023-02-10 12:10 GMT

കുട്ടിക്കാനത്തിനു സമീപമുള്ള അമ്മച്ചിക്കൊട്ടാരം ആരെയും ആകർഷിക്കുന്ന നിർമിതിയാണ്. തിരുവിതാംകൂർ രാജവംശത്തിന്റെ വേനൽക്കാല വസതിയാണ് അമ്മച്ചിക്കൊട്ടാരം. തിരുവിതാംകൂർ തായ്വഴി ഭരണകാലത്ത് റാണി പദവി രാജാവിന്റെ സഹോദരിക്കായിരുന്നു. 'അമ്മച്ചി' പദവിയാണ് രാജാവിന്റെ പത്നിക്കുണ്ടായിരുന്നത്. അങ്ങനെയാണ് രാജാവിന്റെ പത്നി താമസിച്ചിരുന്ന കൊട്ടാരത്തിനു അമ്മച്ചിക്കൊട്ടാരം എന്നു പേരു ലഭിച്ചത്. 210 വർഷം പഴക്കമുണ്ട് കൊട്ടാരത്തിന്. അക്കാലത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ മൂലം രാമവർമയാണ് കൊട്ടാരം പണികഴിപ്പിച്ചത്. 25 ഏക്കർ ചുറ്റളവിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

പ്രതാപകാലത്തിന്റെ സ്മരണകളുടെ തലയെടുപ്പിൽ അമ്മച്ചിക്കൊട്ടാരം സഞ്ചാരികളെ ആകർഷിച്ചുനിൽക്കുന്നു. കുട്ടിക്കാനം, പാഞ്ചാലിമേട് സന്ദർശിക്കാനെത്തുന്നവർ എത്തുന്ന ഇടം കൂടിയാണിത്. ഭൂതകാലത്തിന്റെ മിടിപ്പുകൾ ഇപ്പോഴുമുള്ള അമ്മച്ചിക്കൊട്ടാരം ജീർണാവസ്ഥയിലാണ്. പായൽകേറി ചുമരുകളെല്ലാം നിറം മങ്ങിപ്പോയിരിക്കുന്നു. പടവുകൾ പൊളിഞ്ഞുപോയിരിക്കുന്നു. വരാന്ത, മൂന്നു മുറികൾ, അതിഥികളെ സ്വീകരിക്കുന്നതിനുള്ള രണ്ട് വലിയ ഹാളുകൾ, കൂടാതെ കുളിമുറി, അടുക്കള, ഡൈനിംഗ് ഏരിയ എന്നിവയാണ് കൊട്ടാരത്തിനുള്ളത്. രണ്ട് രഹസ്യപാതകൾ കൊട്ടാരത്തിനുണ്ട്. ഒന്ന് കൊട്ടാരത്തിനുള്ളിൽ സഞ്ചരിക്കാനായി ഉപയോഗിച്ചിരുന്നത്. മറ്റൊന്ന് ആക്രമണമോ, മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാൽ രക്ഷപ്പെടാനുള്ള തുരങ്കമായി ഉപയോഗിക്കാനായിരുന്നു. തുരങ്കങ്ങളെല്ലാം അടഞ്ഞനിലയിലാണുള്ളത്. ഒരു തുരങ്കം ചെന്നെത്തുന്നത് പീരുമേട് മേജർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപമാണ്.


കേരളീയ വാസ്തുവിദ്യയും വിക്ടോറിയൻ രീതികളും സമന്വയിപ്പിച്ച നിർമാണരീതിയാണ് അമ്മച്ചിക്കൊട്ടാരത്തിന്റേത്. ജോ മൺറോ എന്ന സായിപ്പിനായിരുന്നു നിർമാണച്ചുമതല. വിശാലമായ അകത്തളങ്ങളാണ് കൊട്ടാരത്തിനുള്ളത്. മേൽക്കൂരകൾ വുഡൻ പാനലിങ് ചെയ്തിരിക്കുന്നു. എല്ലാ മുറിയിലും ഫയർ പ്ലേസുകൾ ഉൾപ്പെടുത്തിയിട്ടുണ്. നടുമുറ്റത്തിനു ചുറ്റുമായി റാണിയുടെയും തോഴിമാരുടെയും മുറികൾ. ജീർണാവസ്ഥയിലുള്ള രാജപ്രൗഢി വിളിച്ചോതുന്ന സാധനങ്ങൾ കാണാം. ഇറ്റാലിയൻ ടൈൽസ്, ബ്രിട്ടണിൽ നിന്ന് ഇറക്കുമതി ചെയ്ത വസ്തുക്കളെല്ലാമുണ്ട്.

മോഹൻലാൽ-മഞ്ജു വാര്യർ കേന്ദ്രകഥാപാത്രങ്ങളായി പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ലൂസിഫറിന്റെ ചില രംഗങ്ങൾ ചിത്രീകരിച്ചത് ഇവിടെയാണ്. ഫഹദ് ചിത്രമായ കാർബണിനും അമ്മച്ചിക്കൊട്ടാരം ലൊക്കേഷനായി. ഇതിനുശേഷമാണ് അമ്മച്ചിക്കൊട്ടാരം സഞ്ചാരികൾക്കിടയിലും സാധാരണക്കാർക്കിടയിലും കൂടുതലായി അറിയപ്പെടാൻ തുടങ്ങിയത്.

Similar News