ശ്രീവിദ്യ ഓർമയായിട്ട് 17 വർഷം; തന്റെ ഇഷ്ടനായികമാരിലൊരാളായ ശ്രീവിദ്യയെക്കുറിച്ച് മധു
അര നൂറ്റാണ്ടു പിന്നിട്ട അഭിനയജീവിതത്തിനിടയില്‍ ഒരുപാട് പേര് മലയാളത്തിന്റെ മഹാനടൻ മധുവിന്റെ നായികമാരായി കടന്നുവന്നു. ഷീല, ശാരദ, ജയഭാരതി തുടങ്ങിയ നായികമാരോടൊപ്പം മധു വേഷമിട്ടു. എന്നാൽ അവരിൽ നിന്നെല്ലാം വ്യത്യസ്തമായി ശ്രീവിദ്യ ഓർമയായിട്ട് 17 വർഷം; തന്റെ ഇഷ്ടനായികമാരിലൊരാളായ ശ്രീവിദ്യയെക്കുറിച്ച് മധു കൂട്ടുകെട്ട് മലയാളികളുടെ മനസിൽ ജനപ്രിയ ജോഡികളായി മാറി. ശ്രീവിദ്യ വിടപറഞ്ഞെങ്കിലും ആ സാന്നിധ്യം ഇപ്പോഴുമുണ്ട്. തെന്നിന്ത്യൻ സിനിമയിലെ സുവർണതാരമായിരുന്ന ശ്രീവിദ്യ വിട പറഞ്ഞിട്ട് 17 വർഷം പിന്നിടുന്നു.
മധു തന്റെ ഇഷ്ടനായികമാരിലൊരാളായ ശ്രീവിദ്യയെക്കുറിച്ച് പറഞ്ഞത്:
ഞാനും ഷീലയും അഭിനയിച്ച ചിത്രങ്ങളില്‍നിന്ന് വളരെ വ്യത്യസ്തമായ ഒരനുഭവതലത്തിലേക്കാണ് മധു-ശാരദ ജോഡികള്‍ പ്രേക്ഷകരെ നയിച്ചതെന്ന് പറയാറുണ്ട്. ശാരദയ്ക്ക് ആദ്യമായി ഉര്‍വശിപ്പട്ടം ലഭിച്ച തുലാഭാരത്തിലും രണ്ടാമത് ഉര്‍വശിപ്പട്ടം ലഭിച്ച സ്വയംവരത്തിലും നായകന് ഞാനായിരുന്നു.
ഞാനും ജയഭാരതിയും ഒന്നിച്ച മിക്കചിത്രങ്ങളും വന്‍ സാമ്പത്തികവിജയം നേടിയവയായിരുന്നു. പക്ഷേ, എന്റെ നായികയായി ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചത് ശ്രീവിദ്യയാണ്.
എനിക്കും ശ്രീവിദ്യയ്ക്കുമിടയിൽ ആരോഗ്യകരമായ ഒരു മത്സരം നിലനില്‍ക്കുന്നുണ്ടോ എന്നു തോന്നുംവിധമാണ് അഭിനയിച്ചിരുന്നതെന്നു പലരും രേഖപ്പെടുത്തിയിട്ടുണ്ട്. എനിക്കൊപ്പം അഭിനയിച്ച ഏറെ നായികമാരും 'ഹീറോയിന്സാ'യിരുന്നു. പക്ഷേ, ശ്രീവിദ്യ ശരിക്കും ഒരു സമ്പൂര്‍ണ ആര്‍ട്ടിസ്റ്റായിരുന്നു. നൃത്തമായിക്കോട്ടെ, അഭിനയമായിക്കോട്ടെ, സംഗീതമായിക്കോട്ടെ ഏതിലും മുന്നില്‍തന്നെയായിരുന്നു ശ്രീവിദ്യ. 'എ റിയല്‍ ആര്‍ട്ടിസ്റ്റ്'.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷ ഏതുമാകട്ടെ അവരഭിനയിച്ച ഒറ്റ ചിത്രത്തിലും മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചിട്ടില്ല. ഏതു കഥാപാത്രമായും മാറാനുള്ള അഭിനയ വൈദഗ്ധ്യം ശ്രീവിദ്യക്കുണ്ടായിരുന്നു. സിനിമയില്‍ ഒരുപാട് വേഷങ്ങള്‍ ചെയ്തുകൂട്ടണമെന്ന അത്യാഗ്രഹമൊന്നും ശ്രീവിദ്യക്കുണ്ടായിരുന്നില്ല. മലയാളത്തില്‍ ഞാന്‍ കണ്ടിട്ടുള്ള 'അഭിനേത്രി' എന്നു വിളിക്കാവുന്ന അപൂര്‍വം ആര്‍ട്ടിസ്റ്റുകളില്‍ ഒരാളായിരുന്നു അവര്‍.
ഞാനും ശ്രീവിദ്യയും ഒന്നിച്ചഭിനയിച്ച പല ചിത്രങ്ങളുടെയും വന്‍ വിജയത്തിനു പിറകില്‍ ആകാരപ്പൊരുത്തം ഒരു ഘടകമായിരിക്കാം. ശ്രീവിദ്യ ജീവിതത്തില്‍ ഒരുപാട് സങ്കടങ്ങള്‍ സഹിക്കുകയായിരുന്നുവെന്നു വളരെ വൈകിയാണ് ഞാനറിഞ്ഞത്. അവരുടെ വിവാഹജീവിതവും ഏറെ വേദനകള്‍ നിറഞ്ഞതായിരുന്നുവെന്ന് ഞാന്‍ പിന്നീടാണറിയുന്നത്. ഒടുവില്‍ ജീവിതത്തിലെ വേദനകളും രോഗപീഢകളും കടന്ന് ശ്രീവിദ്യ പോയി- മധു പറഞ്ഞു.
ഞാന്‍ ആദ്യമായി സംവിധായക വേഷമണിഞ്ഞ 'പ്രിയ'യിലൂടെയാണ് ലില്ലി ചക്രവര്‍ത്തി മലയാളത്തിലെത്തുന്നത്. നായികമാര്‍ ഏറെയുണ്ടായിട്ടും പ്രിയയിലെ നായികയാവാന്‍ മറുനാടന്‍ നടിയായ ലില്ലി ചക്രവര്‍ത്തിയെ തെരഞ്ഞെടുത്തതിനു പിന്നിലും ഒരു നിമിത്തമുണ്ട്. പ്രിയയിലെ നായികയായി ആദ്യം മനസില്‍ കണ്ടത് ശാരദയെയായിരുന്നു. ഏതോ സിനിമാ സെറ്റില്‍ വച്ച് പ്രിയയിലെ നായികയാവാന്‍ ആഗ്രഹമുണ്ടെന്ന് ശാരദ എന്നോടു പറഞ്ഞു. 'തുലാഭാരം' റിലീസാകുന്നത് ആ ഘട്ടത്തിലാണ്. തമിഴിലും തെലുങ്കിലും ശാരദ തന്നെയായിരുന്നു അഭിനയിക്കാന്‍ കരാര്‍ ഒപ്പിട്ടത്. കൂടാതെ അതുവരെ അവര്‍ ആക്സപ്റ്റ് ചെയ്ത മറ്റു പടങ്ങളുമുണ്ടായിരുന്നു. തിരക്കു കാരണം തനിക്ക് അഭിനയിക്കാന്‍ കഴിയില്ലെന്നും ഷീലയെയോ ജയഭാരതിയെയോ നോക്കിക്കോളൂ എന്നും ശാരദ എന്നോടു പറഞ്ഞു.
'ആരെ അഭിനയിപ്പിക്കണെന്ന് ഞാന്‍ തീരുമാനിച്ചോളാം' എന്ന് അല്‍പ്പം ദേഷ്യം കലര്‍ന്ന മറുപടിയായിരുന്നു എന്റേത്. പ്രിയയിലെ നായികയ്ക്കുവേണ്ടിയുള്ള ആ അന്വേഷണമാണ് ലില്ലി ചക്രവര്‍ത്തിയില്‍ എത്തിയത്. തേവിടിശ്ശി എന്ന നോവല്‍ പ്രിയ എന്ന പേരില്‍ സിനിമയാക്കുന്ന കാര്യം ഞാന്‍ കോല്‍ക്കത്തയില്‍ വച്ച് സൗമിത്ര ചാറ്റര്‍ജിയോട് സംസാരിച്ചു. ലില്ലി ചക്രവര്‍ത്തിയെ സജസ്റ്റ് ചെയ്യുന്നതും അവര്‍ക്ക് ഫോണ്‍ ചെയ്ത് ഇന്റര്‍വ്യൂ ഫിക്സ് ചെയ്യുന്നതും സൗമിത്ര ചാറ്റര്‍ജിയാണ്. ഞാനും ടി.പി. മാധവനും കൂടിയാണ് ലില്ലി ചക്രവര്‍ത്തിയെ കാണാന്‍ പോയത്. വലിയ സൗന്ദര്യമൊന്നുമില്ല. കണ്ടാല്‍ അമ്പലവാസിയെന്നു തോന്നുന്ന ഒരു മുഖമുള്ള പെണ്ണ്. ഇതു തന്നെ നായിക എന്നു ഞാന്‍ തീരുമാനിച്ചു.
പ്രിയയുടെ ഏറ്റവും വലിയ ആകര്‍ഷണവും ലില്ലി ചക്രവര്‍ത്തിയായിരുന്നു. ഇന്ഹിബിറ്റേഷന്സ് ഒന്നുമില്ലാതെ, മറ്റു മലയാള പടങ്ങളിലെ നായികമാരെ ഓര്‍മിപ്പിക്കാത്ത അഭിനയിമായിരുന്നു അവരുടേത്. കഥാപാത്രത്തെ കിട്ടിയാല്‍ അതിന്റെ നെഗറ്റീവും പോസറ്റീവും ഒന്നും നോക്കാതെ അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റായിരുന്നു അവര്‍. പ്രിയയില്‍ അഭിനയിച്ച നടിയെന്ന നിലയില്‍ ലില്ലി ചക്രവര്‍ത്തിയെ ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നു.
അമ്പത്തഞ്ചു വര്‍ഷത്തെ അഭിനയജീവിതത്തിനിടയില്‍ ഒരുപാട് പേര് എന്റെ നായികമാരായി കടന്നുവന്നു. എല്ലാവരും വ്യത്യസ്തമായ അഭിനയരീതികളുടെ ഉടമകളായിരുന്നു. എന്നാല്‍, ജീവിതത്തില്‍ ഞാനൊരാളെ കൂടെ കൂട്ടി. ജയലക്ഷ്മി എന്ന എന്റെ തങ്കം. ഗുരുവായൂരില്‍ വച്ചായിരുന്നു ഞാനും ജയലക്ഷ്മിയും തമ്മിലുള്ള വിവാഹം. കോഴിക്കോട് 'സുബൈദ'യുടെ ഷൂട്ടിങ് തിരക്കുകളിലായിരുന്നു ഞാന്‍. ലൊക്കേഷനില്‍ നിന്നാണ് കല്യാണത്തിന് എത്തിയത്. ലളിതമായ കല്യാണമായിരുന്നു.
സിനിമയില്‍ നിന്ന് ഞാന്‍ ആരേയും വിളിച്ചിരുന്നില്ല. വിവാഹശേഷം രണ്ടുദിവസം കഴിഞ്ഞ്, വീണ്ടും ഷൂട്ടിങ്ങിന്റെ തിരക്കുകളുമായി ഞാന്‍ ചെന്നൈയിലേക്കു പോയി. ഭാര്യയുടെ അമ്മ ഒറ്റയ്ക്കായിരുന്നു. അവര്‍ക്കൊപ്പം ഭാര്യ നിന്നു, ഞാനും. വിദ്യാഭ്യാസ യോഗ്യതയുണ്ടായിരുന്നിട്ടും ജോലിക്കു പോകേണ്ട എന്നത് തങ്കത്തിന്റെ തീരുമാനമായിരുന്നു. ജോലിക്കു പോകണമെന്നോ പോകേണ്ടെന്നോ ഞാന്‍ പറഞ്ഞില്ല. അന്‍പതു വര്‍ഷത്തിലേറെ അവളെനിക്കൊപ്പം ജീവിച്ചു. വ്യക്തിജീവിതം എല്ലാ അര്‍ത്ഥത്തിലും സന്തോഷകരമായിരുന്നു. എന്നും അഭയമായിരുന്ന ഭാര്യയുടെ വേര്‍പാട് അതുകൊണ്ടുതന്നെ എന്നെ ഏറെ വേദനിപ്പിക്കുന്നുണ്ട്. അവള് പോയിട്ട് നാലുവര്‍ഷം കഴിഞ്ഞു. അതിനുശേഷമാണ് അവളുടെ അമ്മ മരിച്ചത്. 97 വയസായിരുന്നു. പല തലമുറകളെയും അമ്മ കണ്ടു, പഠിപ്പിച്ചു, വളര്‍ത്തി. ഈ വീടിന് തൊട്ടപ്പുറത്താണ് അമ്മ താമസിച്ചിരുന്നത്. എന്റെ ഭാര്യ മരിച്ച വിവരം അമ്മയെ അറിയിച്ചിരുന്നില്ല. കിടപ്പിലായിരുന്ന അവര്‍ക്ക് ജീവിതത്തിന്റെ അവസാന കാലത്ത് അങ്ങനെയൊരു വേദന നല്‍കേണ്ടെന്ന് കരുതി. എനിക്കൊപ്പം ഈ വീട്ടില്‍ മകളുണ്ടെന്ന് അമ്മ കരുതി.
ഭാര്യ പോയതില്‍ പിന്നെ ഞാനമ്മയെ ചെന്നു കണ്ടിട്ടില്ല. എന്നെ കണ്ടാല്‍ അവര്‍ ആദ്യം ചോദിക്കുക 'അവളെവിടെപ്പോയി എന്നാവും.' അതിനു മറുപടി പറയാന്‍ എനിക്കാകുമായിരുന്നില്ല. പിന്നെ എന്റെ മകള്‍ ഉമയും കുടുംബവും തൊട്ടടുത്ത് തന്നെയുണ്ട്. അത് വലിയ ആശ്വാസമാണ്. ജീവിതത്തില്‍ ഒരു പ്രാര്‍ത്ഥന മാത്രമേയുള്ളൂ. മറ്റുള്ളവര്‍ക്ക് ഒരു ഭാരമാകരുത്. എഴുന്നേല്‍ക്കാനും നടക്കാനും വയ്യാത്ത അവസ്ഥയിലൂടെ കടന്നുപോകരുത്. ഈശ്വരാധീനം കൊണ്ട് ഈ എണ്പത്തിനാലാം വയസിലും ചെറുപ്പക്കാരെ പോലെ യാത്ര ചെയ്യാന്‍ കഴിയുന്നുണ്ട്.