കെഎസ്ആര്‍ടിസി യുടെ 50 മനോഹരയാത്രകള്‍

Update: 2022-11-18 12:20 GMT


കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (കെഎസ്ആര്‍ടിസി) ബജറ്റ് വിനോദസഞ്ചാരം ജനപ്രീതിയാര്‍ജിച്ചിരിക്കുന്നു. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്ന് ഇത്തരത്തിലുള്ള സര്‍വീസുകള്‍ ഉണ്ട്. സുരക്ഷിതമായ യാത്രയാണ് കെഎസ്ആര്‍ടിസി ഉറപ്പുവരുത്തുന്നത്. പിന്നെ, പോക്കറ്റിലൊതുങ്ങുന്ന തുകയ്ക്ക് നാടു ചുറ്റിക്കറങ്ങുകയും ചെയ്യാം.

കൂത്താട്ടുകുളം ഡിപ്പോ വിനോദസഞ്ചാര മേഖലയില്‍ നടത്തിയ വിജയയാത്രകള്‍ അമ്പതു പിന്നിട്ടിരിക്കുന്നു. മികച്ച അനുഭവമാണ് യാത്രകള്‍ സമ്മാനിച്ചതെന്ന് സഞ്ചാരികള്‍ പറയുന്നു. ഇടുക്കി-അഞ്ചുരുളി യാത്രയോടെയാണ് വിനോദയാത്ര ആരംഭിച്ചത്. കൊല്ലം മണ്‍റോതുരുത്ത്, തൃശൂര്‍ മലക്കപ്പാറ, മൂന്നാര്‍-മാമലക്കണ്ടം, പൂപ്പാറ-ചതുരംഗപ്പാറ-നീലക്കുറിഞ്ഞി തുടങ്ങിയ വിവിധ യാത്രകളാണ് കൂത്താട്ടുകളും കെഎസ്ആര്‍ടിസി നടത്തിയത്. 16 ലക്ഷത്തിലേറെ രൂപ വരുമാനം നേടാനുമായി.

കൂത്താട്ടുകുളത്തു നിന്ന് പുതിയ യാത്രകളും ഒരുങ്ങുന്നുണ്ട്. ക്രിസ്മസ്-ന്യൂഇയര്‍ അവധിക്കാലത്ത് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസി തയാറെടുക്കുന്നു. സ്‌കൂള്‍-കോളേജ്, ആരാധനാലയങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷനുള്‍, കുടുംബ കൂട്ടായ്മകള്‍ എന്നിവരാണ് അധികവും സഞ്ചാരികള്‍. ശനി, ഞായര്‍ ദിവസങ്ങളിലാണ് കൂടുതല്‍ യാത്രകളും. സഞ്ചാരികള്‍ക്കായി സൗണ്ട് സിസ്റ്റവും ബസില്‍ ഒരുക്കിയിട്ടുണ്ട്.51 പേര്‍ക്ക് ഒരു ട്രിപ്പില്‍ പങ്കെടുക്കാം. പ്രണയിച്ചു വിവാഹിതരായവര്‍ മാത്രം പങ്കെടുത്തുള്ള മലക്കപ്പാറ യാത്ര അവിസ്മരണീയമായിരുന്നു!

Similar News