മലയാള സിനിമയിലെ ഹാസ്യതാരങ്ങളില്‍ പ്രമുഖനാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രിയിലൂടെ സിനിമയില്‍ എത്തിയ ഷാജോണ്‍, കോമഡി, വില്ലന്‍, ക്യാരക്ടര്‍ വേഷങ്ങളിലൂടെ സിനിമയില്‍ സജീവ സാന്നിധ്യമായി. ദൃശ്യത്തിലെ വില്ലന്‍ വേഷം ഷാജോണിനു നല്‍കിയത് പുതിയൊരു ഇമേജാണ്. താരത്തിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു ദൃശ്യം. ജീത്തു ജോസഫിന്റെ ചിത്രങ്ങളില്‍ താരത്തിനു മികച്ച കഥാപാത്രങ്ങളാണു ലഭിച്ചിട്ടുള്ളത്.
ദൃശ്യം കണ്ട ശേഷം കഥാപാത്രം ഗംഭീരമായി എന്നാണ് എല്ലാവരും പറഞ്ഞതെന്നു കലാഭവന്‍ ഷാജോണ്‍. സിനിമ കാണുമ്പോള്‍ ഷാജോണിന്റെ കഥാപാത്രത്തോട് വെറുപ്പ് തോന്നി എന്നൊക്കെ പറഞ്ഞു. പക്ഷേ, ഭാഗ്യത്തിന് വില്ലന്റെ പരിവേഷമൊന്നും എനിക്കുണ്ടായില്ല. എനിക്കു തോന്നുന്നത്, മിമിക്രി തന്ന വലിയൊരു ഭാഗ്യമാണ് അതെന്നാണ്.
മിമിക്രിയിലൂടെ അവരെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ളതു കൊണ്ടാവാം, അത്. അങ്ങനെ അവര്‍ സ്‌നേഹിക്കുന്നതുകൊണ്ടാവാം അവര്‍ക്ക് എന്നോടുള്ള അടുപ്പം കുറയാത്തത്. ഒരു പക്ഷേ, തമിഴ്‌നാട്ടില്‍ ആയിരുന്നെങ്കില്‍ അടി കിട്ടിയേനെ. പക്ഷേ, മലയാളികള്‍ സിനിമയെ സിനിമയായിത്തന്നെ കാണുന്നവരാണ്. അതുകൊണ്ട് അത്തരം അനുഭവങ്ങളൊന്നും ഉണ്ടായില്ല. എന്നാലും പലരും എന്നോട് പറഞ്ഞു, അന്ന് ഷാജോണിനെ കിട്ടിയിരുന്നെങ്കില്‍ ഞങ്ങള്‍ തല്ലുമായിരുന്നു കേട്ടോ എന്ന്. പിന്നീട് നിരവധി കോമഡി വേഷങ്ങള്‍ ചെയ്ത് ചിരിപ്പിക്കുകയും ചെയ്‌തെന്നും ഷാജോണ്‍ പറഞ്ഞു.