"കാപ്പ". ആരെയാണ് നിരാശപ്പെടുത്തുന്നത്
"കാപ്പ".കേരള ആന്റി -സോഷ്യൽ ആക്ടിവിറ്റീസ് (പ്രീവെൻഷൻ )അക്റ്റ്, "കാപ്പ".
ഷാജി കൈലാസ് സംവിധാനം ചെയ്ത ഒരു ക്രിസ്തുമസ് റിലീസ് ചിത്രമാണ് . പൃഥ്വിരാജാണ് നായകൻ. ആസിഫ് അലി , അപർണ ബാലമുരളി ,അന്ന ബെൻ, ജഗതീഷ്, നന്ദു, ദിലീഷ് പോത്തൻ തുടങ്ങി മലയാളത്തിലെ അഭിനയ കലയെന്തെന്നു തിരിച്ചറിയാവുന്ന ഒരുസംഘം നടീ നടന്മാരും കാപ്പയിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മറ്റൊരു വലിയ പ്രത്യേകത കൂടി ഈ ചിത്രത്തെക്കുറിച്ചു പറയാനുണ്ട് . കാപ്പ യുടെ രചന നിർവഹിച്ചിരിക്കുന്നത് ജി ആർ ഇന്ദുഗോപനാണ് . ഇന്ദു ഗോപൻ മലയാളത്തിലെ അറിയപ്പെടുന്ന യുവ എഴുത്തുകാരനും മുൻകാല പത്രപ്രവർത്തകനും ആകുന്നു. പത്രപ്രവർത്തന മേഖലയിൽ നിന്ന് നിശ്‌ചയദാർഢ്യത്തോടെ ചലച്ചിത്ര മേഖലയിലേക്കെത്തിയതാണ് ഇന്ദുഗോപൻ. ന്യായമായും ഈ ചെറുപ്പക്കാരനിൽ നിന്ന് വലുത് ചിലതു പ്രതീക്ഷിച്ചാൽ അതിൽ തെറ്റുണ്ടെന്ന് തോനുന്നില്ല . അത്തരം തോന്നലുകൾക്കു വഴിമരുന്നിട്ടുകൊണ്ടു ഷാജി കൈലാസ്.പൃഥ്വിരാജ് അടക്കം ഇതിന്റെ പ്രവർത്തകർ ചിത്രത്തന്റെ പ്രമോഷൻ അഭിമുഖങ്ങളിൽ ചില സൂചനകൾ നൽകിയുമിരുന്നു.
എങ്കിൽ എന്തായിരിക്കും ആ പുതുമകൾ എന്നറിയാനുള്ള ജിജ്ഞാസയും ചിത്രം കാണാൻപോയ പ്രേക്ഷകരിലുണ്ടായിരുന്നു എന്നതാണ് സത്യം. ചിത്രം കണ്ട ശേഷം ഇതേക്കുറിച്ചു പറയുമ്പോൾ ഒരു പഴയ പാട്ടാണോർമ്മ വരുന്നത്.
മുത്തു വാരാൻ പോയവരേ
മുത്തെന്തെ കണ്ടില്ലാ
ചുഴികൾ കണ്ടൂ - ചിപ്പികൾ കണ്ടൂ
തുഴഞ്ഞു പോന്നു - തിരിയെ
തുഴഞ്ഞു പോന്നൂ
പ്രത്യേകിച്ചൊന്നും കാപ്പയിൽ കണ്ടില്ല. ഒരു ശരാശരി ഷാജി കൈലാസ് ചിത്രം. അതിനു കുറ്റവും കുറവുകളുമുണ്ട്. തിരക്കഥയുടെ അതി ബൗദ്ധികതയാണോ സംവിധായകന്റെ അവധാനതയാണോ, കഥ പറയുന്ന രീതിയിൽ ചില അവ്യക്തതകൾ അനുഭവപ്പെടുന്നു. ആനി ബെന്നിന്റെ കൊലചെയ്യപ്പെടുന്ന സഹോദരനെ എന്തിനാണവർ വെട്ടിക്കൊല്ലുന്നത്.ഈ പത്രപ്രവർത്തക (ദിലീഷ് പോത്തൻ )നും ഈ പെണ്കുട്ടിയുമായുള്ള യഥാർത്ഥ ബന്ധം എന്താണ് , മികച്ച അഭിനയം കാഴ്ച വെക്കുമ്പോഴും ജഗദീഷ് സിനിമയിലുടനീളം ഇത്ര ദുഖിതനാകാൻ കാരണമെന്താണ്.(അദ്ദേഹത്തിന്റെ ഭാര്യ സമീപകാലത്തു അന്തരിച്ച വിവരം മറക്കുന്നില്ല.) തട്ടുപൊളിപ്പൻ തല്ലുകളല്ലാതെ മികച്ച നടനായ പൃഥ്വിക്ക് ഈ സിനിമയിൽ അഭിനയിക്കാൻ സ്ഥലവും സൗകര്യവും ഷാജിയും ഇന്ദുവും തീരെ കൊടുത്തു കണ്ടില്ല എന്ന പരാതിയുമുണ്ട്.ഏതായാലും മികവുറ്റ രണ്ടു പെൺഗുണ്ടകളെ മലയാള സിനിമക്ക് സംഭാവന ചെയ്യാനും ഇന്ദുഗോപനു കഴിഞ്ഞു കാപ്പയിലൂ ടെ,നല്ലത്.
നമ്മുടെ ഗുണ്ടാ ലോകത്തെക്കുറിച്ചു കുറച്ചു കൂടി മനഃശാസ്ത്രപരമായ ഒരു സമീപനമാണ് പ്രേക്ഷകരിൽ ചിലരെങ്കിലും പ്രതീക്ഷിച്ചതെന്നു തോനുന്നു. പ്രത്യേകിച്ച് ഷാജിയും ഇന്ദുഗോപ ന്റെയും പുതിയ കൂട്ടുകെട്ടിൽ വന്ന കാപ്പ കാണാൻ പോകുമ്പോൾ രാംഗോപാൽ വർമയുടെ മോഹൻലാൽ ചിത്രമായ കമ്പനി യൊക്കെ പ്രതീക്ഷയുടെ .പശ്ചാത്തലത്തിലുണ്ടായിരുന്നു. ഏതായാലും ഷാജി കൈലാസ് ചിത്രങ്ങളുടെ പതിവ് പ്രേക്ഷകർക്ക് കാപ്പ ഒരു നിരാശയായിരിക്കില്ല, പക്ഷെ ഇന്ദുഗോപൻ....