വരൂ ഇടുക്കി ഞണ്ടാര്‍മെട്ടിലേക്ക്!

Update: 2022-11-16 08:14 GMT


സഞ്ചാരികള്‍ എത്തിപ്പെടാത്ത മനോഹരമായ എത്രയോ സ്ഥലങ്ങളുടെ കലവറയാണ് ഇടുക്കി. പ്രകൃതി സഞ്ചാരികള്‍ക്കു വേണ്ടതെല്ലാം ഇടുക്കിയില്‍ ഒരുക്കിയിട്ടുണ്ടെന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. ഇടുക്കിയിലെ ശാന്തമ്പാറ-തമിഴ്‌നാട് അതിര്‍ത്തിയിലെ ഞണ്ടാര്‍മെട്ട് അത്തരത്തില്‍ പ്രകൃതി ഒരുക്കിയ പറുദീസയാണ്. ശാന്തമ്പാറ പഞ്ചായത്തിലെ പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ മതികെട്ടാന്‍ ഉദ്യോനത്തിന്റെ ഭാഗമാണ് ഞണ്ടാര്‍മെട്ട്. ഞണ്ടാര്‍മെട്ട് വാക്കുകള്‍കൊണ്ടു വിവരിക്കാനാകത്ത വിധത്തിലുള്ള സഞ്ചാരനുഭവമാണ്. ഭൂമിയുടെ അറ്റത്ത് എത്തിയതുപോലെ തോന്നും! മേഘങ്ങള്‍ക്കിടയില്‍ ഇരിക്കാം എല്ലാം മറന്ന്!

ഇടുക്കി അണക്കെട്ടിന്റെ ഇരുവശവുമുള്ള കുറവന്‍-കുറത്തി മലകള്‍ക്ക് സമാനമായി ഉയര്‍ന്നുനില്‍ക്കുന്ന രണ്ടു മലകള്‍ ഞണ്ടാര്‍മെട്ടിലുമുണ്ട്. അവിടെനിന്നു നോക്കിയാല്‍ തമിഴ്‌നാടിന്റെ മനോഹര ദൃശ്യങ്ങള്‍ കാണാം. ബോഡി നായ്ക്കന്നൂരിലെ കൃഷിത്തോട്ടങ്ങളും വിശാലമായ വയലുകളും ആസ്വദിക്കാം. ആയിരക്കണക്കിന് അടി ഉയരത്തില്‍ പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശം ആരെയും ആകര്‍ഷിക്കുന്നതാണ്. ഞണ്ടാര്‍മെട്ടിലേക്കുള്ള യാത്രയില്‍ അല്‍പ്പം സാഹസികതയുമുണ്ട്.


ഞണ്ടാര്‍മെട്ടിലെ ഉദയം മറക്കാനാകാത്ത അനുഭവമാണെന്ന് സഞ്ചാരികള്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയിട്ടുണ്ട്. എഴുതിയും പറഞ്ഞും ഞണ്ടാര്‍മെട്ട് ഇന്നു സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായി മാറിയിരിക്കുന്നു. ഞണ്ടാര്‍മെട്ടില്‍ തങ്ങാനുള്ള സൗകര്യങ്ങള്‍ പരിമിതമാണ്. സഞ്ചാരികള്‍ക്കായി പ്രാദേശികഭരണകൂടം നിരവധി പദ്ധതികള്‍ തയാറാക്കിവരുന്നുണ്ട്.

ഞണ്ടാര്‍മെട്ടിലേക്ക് എത്തിച്ചേരാം

പൂപ്പാറ-കുമളി സംസ്ഥാന പാതയില്‍ ശാന്തമ്പാറയില്‍നിന്ന് നാല് കി.മീ. സഞ്ചരിച്ച് പേത്തൊട്ടിയില്‍ എത്തുക. പേത്തൊട്ടിയില്‍നിന്ന് അഞ്ചു കി.മീ. ജീപ്പില്‍ ഓഫ് റോഡ് യാത്ര. തുടര്‍ന്ന്, കാട്ടിലൂടെ നൂറ് മീറ്റര്‍ നടന്നാല്‍ മനോഹരമായ ഞണ്ടാര്‍മെട്ട് വ്യൂ പോയിന്റില്‍ എത്താം.

Similar News