സംശയം തോന്നിയതിനെ തുടർന്ന് കാറിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു; പൊലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ച് യുവാവ്

Update: 2024-01-16 09:08 GMT

മലപ്പുറം ജില്ലയിലെ തിരൂരിൽ സംശയാസ്പദമായി നിർത്തിയിട്ടത് കണ്ട കാറിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടതിന് യുവാവ് എസ്.ഐയുടെ കയ്യിൽ കടിച്ച് മുറിവേൽപ്പിച്ചു. എസ്ഐയെ ആക്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗലം കുട്ടമ്മാക്കൽ കുയിപ്പയിൽ അജയൻ (45) ആണ് അറസ്റ്റിലായത്. തിരൂർ പൊലീസ് സ്റ്റേഷനിലെ എസ്‌ഐയായ ഉദയരാജിന്റെ കയ്യിലാണ് ഇയാൾ കടിച്ചു മുറിവേൽപിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ തൃപ്രങ്ങോട് ബീരാഞ്ചിറയിലായിരുന്നു സംഭവം.

എസ്ഐ ഉദയരാജും സംഘവും പട്രോളിങ്ങിനിടെയാണ് പുലർച്ചയോടെ ബീരാഞ്ചിറയിൽ എത്തിയത്. ഇവിടെ ഒരു കാർ സംശയാസ്പദമായി നിർത്തിയിട്ടിരിക്കുന്നത് പൊലീസ് സംഘം കണ്ടു. ഇതോടെ അടുത്തെത്തി പൊലീസ് സംഘം കാർ പരിശോധിച്ചു. പൊലീസ് എത്തുമ്പോൾ കാറിനുള്ളിൽ ഡ്രൈവിംഗ് സീറ്റിൽ ഒരു യുവാവ് ഉണ്ടായിരുന്നു. പേര് ചോദിച്ചപ്പോൾ മറുപടി നൽകി. അജയനോട് പൊലീസ് സംഘം വാഹനം പരിശോധിക്കണമെന്നും, പുറത്തിറങ്ങളെമ്മിം ആവശ്യപ്പെട്ടു. എന്നാൽ അജയ് വാഹനത്തിൽ നിന്നും പുറത്തിറങ്ങാൻ തയ്യാറായില്ല.

ഇതോടെ കാറിന്‍റെ ഡോർ തുറന്ന് യുവാവിനെ പുറത്തിറക്കാൻ പൊലീസ് ശ്രമിച്ചു. ഇതിനിടെ ഇയാളും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. തുടർന്ന് അജയ് എസ്‌ഐയുടെ കൈയ്യിൽ കടിക്കുകയായിരുന്നു. ഇതോടെ പൊലീസ് ഉദ്യോഗസ്ഥർ പ്രതിയെ ബലമായി പിടിച്ചുവെച്ചു, പിന്നീട് ഇയാളെ അറസ്റ്റ് ചെയ്ത് തിരൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. മുറിവേറ്റ എസ്ഐ തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.

Tags:    

Similar News