യുഎഇയുടെ വളർച്ച സാധ്യമാക്കിയത് പൗരൻമാരുടെ വിശ്വസ്തതയും ധൈര്യവും ; പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
പൗരന്മാരുടെ അചഞ്ചലമായ വിശ്വസ്തതയും ധൈര്യവുമാണ് രാജ്യത്തിന്റെ അതിവേഗ വളർച്ച സാധ്യമാക്കിയതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ.
53ആം ദേശീയ ദിനത്തിൽ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ റിസർവ് സർവിസ് പ്രോഗ്രാം ആരംഭിച്ച് 10 വർഷം പിന്നിടുമ്പോൾ യു.എ.ഇയുടെ യുവതികളും യുവാക്കളും കാണിച്ച ധൈര്യവും അചഞ്ചലമായ വിശ്വാസ്യതയും ഒപ്പം രാജ്യത്തിന്റെ സ്ഥിത സംരക്ഷിക്കാനുള്ള അവരുടെ നിശ്ചയദാർഢ്യവും കൊണ്ടാണ് അതിവേഗമുള്ള പുരോഗമന യാത്ര സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു.
യുനൈറ്റഡ് അറബ് എമിറേറ്റ്സിന്റെ രൂപവത്കരണത്തിന് വഴിയൊരുക്കിക്കൊണ്ട് അബൂദബിയുടെയും ദുബൈയുടെയും ഏകീകരണം പ്രഖ്യാപിക്കുന്നതിനായി രാഷ്ട്ര ശിൽപികളായ സായിദും റാശിദും ആദ്യമായി കണ്ടുമുട്ടിയ ഈ ചരിത്ര സ്ഥലത്ത് മഹത്തായ ഈദുൽ ഇത്തിഹാദ് ആഘോഷത്തിനായി നമ്മൾ ഒരുമിച്ചു കൂടിയതിൽ അഭിമാനമുണ്ടെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
ദേശീയ ദിനത്തിൽ പങ്കെടുത്ത 23,000 സൈനികരുടെ പരേഡിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2000ലത്തികം വാഹനങ്ങളും കവചിത യൂനിറ്റുകളും പങ്കെടുത്തു.തുടർന്ന് രാഷ്ട്ര നേതാക്കൾക്ക് ആദരമർപ്പിക്കുകയും ജീവനും രക്തവും നൽകി യൂനിയനെ സംരക്ഷിക്കുമെന്നും ഭൂമിയും മണ്ണും നേട്ടങ്ങളും സംരക്ഷിക്കുമെന്നും അവർ പ്രതിജ്ഞയെടുത്തു.
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി പ്രസിഡന്റുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.