അപകടങ്ങൾ കുറയ്ക്കുക, ഗതാഗത സുരക്ഷ ഉറപ്പ് വരുത്തുക ; പ്രചാരണവുമായി റാസൽഖൈമ പൊലീസ്
ഗതാഗത സുരക്ഷ ഉറപ്പുവരുത്തി ദുരന്തങ്ങള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ‘അപകടങ്ങളില്ലാത്ത വേനല്‍ക്കാലം’ എന്ന വിഷയത്തില്‍ പ്രചാരണമാരംഭിച്ച് റാക് പൊലീസ്. ആഭ്യന്തര മന്ത്രാലയം എല്ലാ വര്‍ഷവും നടത്തിവരുന്നതാണ് ഈ കാമ്പയിനെന്ന് റാക് പൊലീസ് സെന്‍ട്രല്‍ ഓപറേഷന് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് അല്‍സാം അല്‍ നഖ്ബി പറഞ്ഞു. താപനിലയിലെ വര്‍ധന വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കൊപ്പം പൊതുജനങ്ങളും ജാഗ്രത പുലര്ത്തേണ്ടതിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്ന് അഹമ്മദ് പറഞ്ഞു.
വാഹന ടയറുകളുടെ ഗുണനിലവാരം ഉറപ്പു വരുത്തുകയും വായുമര്‍ദം അടിക്കടി പരിശോധിക്കുകയും വേണം. റേഡിയേറ്ററിലെ വെള്ളത്തിന്റെ അളവ് നിരീക്ഷിക്കുന്നതിലും വീഴ്ച വരുത്തരുത്. റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനൊപ്പം ഡ്രൈവര്‍മാര്‍ ക്ഷീണം തോന്നുന്ന നിമിഷം വാഹനങ്ങള്‍ നിര്‍ത്തി വിശ്രമിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിക്കുന്നു. റാക് വെഹിക്കിള്‍ വില്ലേജില്‍ നടന്ന പ്രചാരണ ഉദ്ഘാടന ചടങ്ങില്‍ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും സംബന്ധിച്ചു.