പുതുവത്സരദിനാഘോഷം ; ഗ്ലോബൽ വില്ലേജിൽ ഏഴ് സമയങ്ങളിൽ കരിമരുന്ന് പ്രകടനം
പുതുവത്സര ദിനത്തെ വരവേൽക്കാൻ ഡിസംബർ 31ന് ഗ്ലോബൽ വില്ലേജിൽ ഏഴ് കൗണ്ട് ഡൗൺ ആഘോഷങ്ങൾ. അതോടൊപ്പം പ്രധാന സ്റ്റേജിൽ തത്സമയ പ്രകടനങ്ങളും ഡി.ജെ ഷോയും മറ്റ്ു നിരവധി വിനോദ പരിപാടികളും സംഘടിപ്പിക്കും. പ്രവേശന ടിക്കറ്റിൽ തന്നെ ഇവയെല്ലാം ആസ്വദിക്കാം.
പുതുവത്സരത്തെ വരവേറ്റ് ഏഴു സമയങ്ങളിലായി നടത്തുന്ന കരിമരുന്ന് പ്രകടനങ്ങൾ ഗ്ലോബൽ വില്ലേജിന്റെ ആകാശത്ത് വർണങ്ങൾ വിതറും. 31ന് രാത്രി എട്ട്, ഒമ്പത്, 10, 10.30, 11, 12, ഒന്ന് എന്നീ ഏഴ് സമയങ്ങളിലാണ് കരിമരുന്ന് പ്രകടനങ്ങൾ. അതോടൊപ്പം 250 ഡൈനിങ് ഓപ്ഷനുകളും വർഷാവസാന ഷോപ്പിങ് അനുഭവങ്ങളും 90ൽ അധികം സംസ്കാരങ്ങളുടെ ആഘോഷങ്ങൾ നടക്കുന്ന 30 പവിലിയനുകളും സന്ദർശകർക്ക് ആസ്വദിക്കാം.
പുതുവത്സര ദിന ആഘോഷങ്ങൾക്കായി 31ന് വൈകീട്ട് നാലു മുതൽ പ്രവേശനം അനുവദിക്കും. പുലർച്ച മൂന്നുവരെ നീളുന്ന ആഘോഷപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.