അസ്ഥിര കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ച് മരുഭൂമിയിൽ അഭ്യാസ പ്രകടനം; ആറ് വാഹനങ്ങൾ പിടിത്തെടുത്ത് റാസൽ ഖൈമ പൊലീസ്
അസ്ഥിര കാലാവസ്ഥ മുന്നറിയിപ്പ് അവഗണിച്ച് കനത്ത മഴയില്‍ മരുഭൂമിയില്‍ അഭ്യാസപ്രകടനം നടത്തിയ ആറു വാഹനങ്ങള്‍ പിടിച്ചെടുത്ത് റാക് പൊലീസ്. റാക് പൊലീസ് ട്രാഫിക് ആൻഡ് പട്രോള്‍ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, മിന അല്‍ അറബ് അഡ്മിനിസ്ട്രേഷന് തുടങ്ങിയവയുടെ സംയുക്ത നീക്കത്തിലാണ് വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ സഹായിച്ചതെന്ന് ട്രാഫിക് ആൻഡ് പട്രോള്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ ഡോ. മുഹമ്മദ് അല്‍ ബഹര്‍ പറഞ്ഞു.
അടുത്തിടെ റാക് എക്സിക്യൂട്ടിവ് കൗണ്‍സില്‍ പ്രഖ്യാപിച്ച പുതുക്കിയ നിയമപരിഷ്കരണത്തെ തുടര്‍ന്നുള്ള പ്രഥമ നടപടിയാണിത്. റാക് കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ചെയര്‍മാനായ റാക് എക്സിക്യൂട്ടിവ് കൗണ്‍സില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷകളില്‍ നടപ്പാക്കിയ പുതിയ പരിഷ്കരണം മാര്‍ച്ച് ഒന്നു മുതല്‍ റാസല്‍ഖൈമയില്‍ പ്രാബല്യത്തില്‍ വന്നിരുന്നു.
അപകട മുന്നറിയിപ്പ് സമയത്ത് മരുഭൂ പ്രദേശത്ത് വാഹനത്തില്‍ അഭ്യാസപ്രകടനം നടത്തുകയും സാഹസിക പ്രകടന വിഡിയോ സമൂഹമാധ്യമത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. വിവിധ വകുപ്പുകളില്‍നിന്നുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച അന്വേഷണ സംഘം സംഭവത്തില്‍ പങ്കെടുത്ത വാഹനങ്ങളും അവയുടെ ഡ്രൈവര്‍മാരെയും തിരിച്ചറിഞ്ഞ് ശിക്ഷാനടപടി വേഗത്തിലാക്കുകയായിരുന്നു.
പിടിച്ചെടുത്ത ഓരോ വാഹനത്തിനും 2000 ദിര്‍ഹം പിഴ ചുമത്തുകയും 60 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ഡ്രൈവര്‍ക്ക് 23 ബ്ലാക്ക് പോയന്റുമാണ് ശിക്ഷ. കൂടാതെ മണല്‍, തീരം, ടൂറിസ്റ്റ് മേഖലകളില്‍ നിയമം ലംഘിച്ചുള്ള വാഹന പരേഡിന് റാക് എക്സിക്യൂട്ടിവ് കൗണ്‍സിലിന്റെ പുതിയ പരിഷ്കരണത്തില്‍ 120 ദിവസത്തേക്കുകൂടി വാഹനം കണ്ടുകെട്ടലിന് വിധേയമാകും.