ഗൂഗിൾ പ്രതിവർഷം ഒന്നരലക്ഷം കോടിയിലേറെ ആപ്പിളിനു നൽകുന്നതെന്തിന്?
ലോക ടെക് വ്യവസായത്തിലെ ഭീമനായ ഗൂഗിൾ പ്രതിവർഷം ആപ്പിളിനു നൽകുന്നത് കോടികളാണ്. ആപ്പിളിനു മാത്രമല്ല, മറ്റു ടെക് കന്പനികൾക്കും ഗൂഗിൾ പണം നൽകുന്നു. ആപ്പിൾ ഐപാഡ്, മാക്, ഐഫോൺ തുടങ്ങിയവയിൽ ഗൂഗിളിനെ ഡിഫോൾട്ട് സെർച്ച് എൻജിനാക്കുന്നതിനാണ് ഗൂഗിൾ കോടികൾ ചെലവഴിക്കുന്നത്.
ആപ്പിളും ഗൂഗിളും വർഷങ്ങളോളം നീണ്ട കേസുകളുണ്ടായിരുന്നു. എന്നാലും ഇരു കന്പനികളും പരസ്പര ധാരണയോടെയാണ് മുന്നോട്ടുപോകുന്നത്. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം 2021 ൽ 18,000 കോടി ഡോളറാണ് (1.5 ലക്ഷം കോടി) ഈ വകുപ്പിൽ ഗൂഗിൾ ചെലവഴിച്ചതത്ര! ഗൂഗിളിനെ ഡിഫോൾട്ട് സെർച്ച് എൻജിൻ ആക്കുക മാത്രമല്ല, മറ്റൊരു സെർച്ച് എൻജിൻ നിർമിക്കുന്നതിൽനിന്ന് ആപ്പിളിനെ തടഞ്ഞുനിർത്തുക എന്ന ലക്ഷ്യവും ഗൂഗിളിനുണ്ട്.
ടെക് ഭീമന്മാർ തമ്മിലുള്ള മത്സരയോട്ടത്തിൽ ഒന്നാമനാകാനും എതിരാളികളായ കന്പനികളെ അസ്ഥിരപ്പെടുത്താനുമാണ് ഗൂഗിൾ കോടികൾ വാരിയെറിയുന്നതെന്നാണ് നീതിന്യയ വകുപ്പിന്റെ വാദം. ഫോൺ നിർമാതാക്കൾക്കും വയർലസ് ഫോൺ കമ്പനികൾക്കും പണം നൽകുന്നത് ഉപയോക്താക്കൾക്കിടയിൽ ഗൂഗിളിനെ ആദ്യ സെർച്ച് എൻജിൻ ആക്കി മാറ്റുക എന്ന ലക്ഷ്യത്തിൽ മാത്രമല്ലെന്നും സുരക്ഷ സംബന്ധിച്ച അപ്ഗ്രേഡുകളും മറ്റ് മെച്ചപ്പെടുത്തലുകളും നടത്താൻ അവരെ പ്രേരിപ്പിക്കുന്നതിനു വേണ്ടിയാണെന്നാണ് ഗൂഗിൾ അധികൃതരുടെ വാദം.
സെർച്ച് എൻജിനിലെ വിവിധ പരസ്യങ്ങളിൽ ഉപയോക്താക്കൾ ക്ലിക്ക് ചെയ്യുന്പോൾ ഗൂഗിളിനു ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം ആപ്പിളിനും മറ്റ് ടെക് കമ്പനികൾക്കും ഗൂഗിൾ പങ്കുവയ്ക്കുകയാണ്. 25 വർഷങ്ങൾക്ക് മുന്പാണ് ഇന്റർനെറ്റ് ബ്രൗസറിലെ ആധിപത്യവുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റിനെതിരെ കേസ് ഫയൽ ചെയ്യുന്നത്. 2020ലാണ് ഗൂഗിളിനെതിരെ ഏറ്റവും വലിയ വിശ്വാസവഞ്ചന കേസ് ഫയൽ ചെയ്യുന്നത്.