‘പോല്‍ ആപ്പില്‍’ വിവരമറിയിച്ചോളൂം: ലോക്കഡ് ഹൗസ് ഇന്‍ഫോര്‍മേഷന്‍ സൗകര്യം ഉപയോഗിക്കാം
സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി തുടങ്ങിയതോടെ വെക്കേഷന്‍ മൂടിലായിരിക്കും എല്ലാവരും. എന്നാല്‍ വെക്കേഷന്‍ ആസ്വദിക്കാന്‍ പോകുന്നതിന് മുന്‍പ് പോല്‍ ആപ്പിലെ ഈ സേവനത്തെ കുറിച്ച് ഒന്ന് അറിഞ്ഞോളൂ.
ഓണാവധി ആരംഭിച്ചതോടെ എല്ലാവരും വിനോദയാത്രകള്‍ പോകുന്നതിന്റെ തിരക്ക് കണക്കിലെടുത്താണ് പൊലീസ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ആഘോഷങ്ങള്‍ക്കായി വീട് പൂട്ടിയിട്ട് പോകുന്ന സമയത്ത് ആണ് ഏറ്റവും കൂടുതല്‍ കള്ളന്മാരും മോഷണങ്ങള്‍ക്ക് ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ ഓണാവധിക്ക് വീടുപൂട്ടി യാത്ര പോകുന്നവര്‍ക്ക് അക്കാര്യം പോലീസിനെ അറിയിക്കാന്‍ സൗകര്യമൊരുക്കുകയാണ് കേരള പോലീസ്.
പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ ‘Locked House Information’ എന്ന സൗകര്യമാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ഇതിനെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം തന്നെ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കേരള പോലീസ് പങ്കുവച്ചിട്ടും ഉണ്ട്.
ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ സൗകര്യം വിനിയോഗിച്ചാല്‍ വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.
യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷന്‍, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പേരും ഫോണ്‍ നമ്പറും എന്നിവ ആപ്പില്‍ നല്‍കേണ്ടതുണ്ട്. ഗൂഗിള്‍പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോല്‍ ആപ്പ് ലഭ്യമാണ്.