ചിത്രത്തിൽനിന്ന് വിഡിയോ; മെറ്റയുടെ എ.ഐ ടൂൾ മൂവി ജെന്‍ ഉടൻ
ഒരു ഫോട്ടോയോ ടെക്സ്റ്റ് പ്രോംപ്റ്റോ നൽകി മികച്ച വിഡിയോ നിർമിച്ചുതരുന്ന നിർമിത ബുദ്ധി മോഡലുമായി രംഗത്തെത്തിയിരിക്കുകയാണ് ഫേസ്ബുക്ക് ഉടമകളായ മെറ്റ. ജീവികൾ നീന്തുന്നതിന്റെയും സർഫിങ്ങിന്റെയും സാമ്പ്ൾ വിഡിയോകൾ കമ്പനി പങ്കുവെച്ചത് അടിപൊളി.
മെറ്റയുടെ ഏറ്റവും പുതിയ ജനറേറ്റിവ് എ.ഐ ടൂളായ മൂവി ജെനാണ് ടെക്സ്റ്റ് ഇന്‍പുട്ടുകളെ ഉപയോക്താവിന്റെ താല്പര്യങ്ങള്ക്കനുസരിച്ച് വിഡിയോ ഫോര്‍മാറ്റാക്കി മാറ്റുന്നത്. ഒറിജിനൽ വിഡിയോയുടെ പശ്ചാത്തലം മാറ്റുന്നത് ഉൾപ്പെടെ എഡിറ്റിങ്ങും സാധ്യമാണ്. നിങ്ങളുടെ കുട്ടി വീട്ടുമുറ്റത്ത് നടക്കുന്ന വിഡിയോ അപ് ലോഡ് ചെയ്ത് കാലിഫോർണിയയിലെയോ അസർബൈജാനിലെയോ വിഡിയോ ആക്കി മാറ്റാം. എവിടെ വേണമെന്ന് ഒരു ടെക്സ്റ്റ് മെസേജ് നൽകുകയേ വേണ്ടൂ.
അനുയോജ്യമായ പശ്ചാത്തല സംഗീതവും സൗണ്ട് ഇഫക്ടും മൂവി ജെൻ സ്വന്തമായി ഉണ്ടാക്കും. മുഖം മനസ്സിലാകാൻ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ നൽകിയാൽ നിങ്ങൾ കുതിരപ്പുറത്ത് പോകുന്നതിന്റെയോ കടപ്പുറത്ത് നടക്കുന്നതിന്റെയോ ഫുട്ബാൾ കളിക്കുന്നതിന്റെയോ വിഡിയോ ഉണ്ടാക്കിത്തരും. നിലവില്‍ പരീക്ഷണ ഘട്ടത്തിലുള്ള മൂവി ജെന്‍ ഉപയോക്താക്കള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിധം എപ്പോൾ പുറത്തിറക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.