തെറ്റുത്തരം നൽകി മെറ്റ എഐ; ഒടുവിൽ മാപ്പ് പറഞ്ഞ് വാട്‌സാപ്പിലെ നീല വളയം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന മെറ്റ എഐ എന്ന ഈ നീല വളയം ഒട്ടുമിക്ക ചോദ്യങ്ങൾക്കുമുള്ള ഉത്തരം തരും. എന്നാൽ, ചില കാര്യങ്ങളിൽ ഈ ചാറ്റ്‌ബോട്ട് പരാജയപ്പെടുന്നു എന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം. പ്രത്യേകിച്ച് ഗണിത ചോദ്യങ്ങളിൽ.9.9 ആണോ 9.11 ആണോ വല്യ സംഖ്യ എന്ന ചോദ്യത്തിന് 9.11 എന്ന തെറ്റായ ഉത്തരമാണ് മെറ്റ എഐ നൽകിയത്.
കാരണം വിശദീകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ 9.11 നേക്കാൾ 9.9ന് 0.2 കുറവാണ് എന്നായിരുന്നു ഉത്തരം. പിന്നീട്, 9.9 എന്നത് 9.90 അല്ലേ, അപ്പോൾ 9.90 എന്നത് 9.11നെക്കാൾ വലുതല്ലേ എന്ന് ചോദിച്ചപ്പോൾ തന്റെ തെറ്റ് സമ്മതിക്കുന്നു എന്നായിരുന്നു മെറ്റ എഐ നൽകിയ മറുപടി. തെറ്റ് മനസിലാക്കി തന്നതിന് നന്ദിയും പറഞ്ഞു.
ഭാവിയിൽ ഈ തെറ്റ് വരുത്താതിരിക്കാൻ ശ്രമിക്കുമെന്നു മറുപടിയിലുണ്ട്. ഇതേ ചോദ്യം മറ്റ് എഐ ചാറ്റ്‌ബോട്ടുകളോട് ചോദിച്ചപ്പോഴും ഇതേ രീതിയിലുള്ള മറുപടിയാണ് ലഭിച്ചത്. 9.11 ആണ് 9.9നെക്കാൾ വലിയ സംഖ്യ എന്നായിരുന്നു അവ നൽകിയ ഉത്തരം. നിലവിലുള്ള പല പ്രമുഖ ചാറ്റ്‌ബോട്ടുകളും ഇത് രീതിയിൽ തെറ്റിച്ചാണ് ഉത്തരം നൽകുന്നത്.