ഗെയ്മിങ്ങിനും ഇനി എഐ; 'സിമ' യെ പരിചയപ്പെടുത്തി ഗൂഗിളിന്റെ ഡീപ്‌മൈന്റ്
ഇനി വിഡിയോ ഗെയിം പാര്‍ട്ണറാകാനും എഐ. ലോകത്തിൽ ആദ്യമായി 3ഡി വെര്‍ച്വല്‍ പരിസ്ഥിതിയില്‍ വോയിസ് കമാന്‍ഡ് മനസിലാക്കാന്‍ കഴിവുള്ള ജനറലിസ്റ്റ് എഐ ഏജന്റിനെ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിളിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്‌മൈന്‍ഡ്. സ്‌കെയ്‌ലബ്ള്‍, ഇന്‍ട്രക്ടബ്ള്‍, മള്‍ട്ടിവേള്‍ഡ് ഏജന്റ് എന്നതാണ് സിമയുടെ (SIMA) പൂർണരൂപം. കളിക്കുന്ന ഗെയിമിനെക്കുറിച്ചുള്ള വിവരങ്ങള്‍ സിമയ്ക്ക് പകര്‍ന്നു നല്‍കേണ്ടതില്ലെന്നതാണ് ഒരു പ്രത്യേകത, കാരണം ഒരു ഗെയിമര്‍ക്കു പ്രാഥമികമായി ഉണ്ടായിരിക്കേണ്ട ഏകദേശം 600 കഴിവുകൾ സിമ ഇപ്പോൾ തന്നെ വളര്‍ത്തിയെടുത്തു കഴിഞ്ഞു എന്നതാണ്.
പല തരം ഗെയിമുകള്‍ കളിക്കാന്‍ വേണ്ട സ്കിൽസ് ആര്‍ജ്ജിക്കാന്‍ സിമയ്ക്ക് സാധിക്കും. നാച്വറല്‍ ലാംഗ്വെജ് ഇന്‍സ്ട്രക്ഷന്‍സ്, ചിത്രം തിരിച്ചറിയല്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഒന്നാണ് സിമ എന്നാണ് ഗൂഗിള്‍ പറയുന്നത്. ഹലോ ഗെയിംസ്, ടുക്‌സെഡോ ലാബ്‌സ് തുടങ്ങി പല വിഡിയോ ഗെയിം സ്റ്റുഡിയോകളുമായി സഹകരിച്ചാണ് സിമയെ ഗൂഗിള്‍ ഇപ്പോള്‍ പരിശീലിപ്പിക്കുന്നത്.