പാസ് കീ സൗകര്യം അവതരിപ്പിച്ച് ഗൂഗിള്‍; ഇനി പാസ് വേഡില്ലാതെ ലോഗിന്‍ ചെയ്യാം
ഗൂഗിള്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ ഇനി മറ്റൊരു സുരക്ഷിതമായ മാര്‍ഗം കൂടി. പാസ് വേഡില്ലാതെ തന്നെ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്ന പാസ് കീ സംവിധാനം ഗൂഗിള്‍ അവതരിപ്പിച്ചു. ഫിഡോ (FIDO) സഖ്യത്തിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് ആപ്പിള്‍ തുടങ്ങിയ കമ്പനികള്‍ക്കൊപ്പം 2022-ല്‍ ഗൂഗിള്‍ പാസ് കീ സൗകര്യം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
എല്ലാ പ്രധാന പ്ലാറ്റ്‌ഫോമുകളിലും ഗൂഗിള്‍ അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യുന്നതിനായി ഈ പാസ് കീ സേവനം ഉപയോഗപ്പെടുത്താനാവും. പാസ് വേഡുകള്‍, ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ തുടങ്ങിയ വെരിഫിക്കേഷന്‍ മാര്‍ഗങ്ങള്‍ക്കൊപ്പമാണ് ഈ സൗകര്യവും എത്തിച്ചിരിക്കുന്നത്.
ആപ്പുകളിലും വെബ്‌സൈറ്റുകളിലും ലോഗിന്‍ ചെയ്യുന്നതിനുള്ള പുതിയ സൗകര്യമാണ് പാസ് കീ. ഇത് പാസ് വേഡുകളേക്കാള്‍ സുരക്ഷിതമാണെന്ന് ഗൂഗിള്‍ പറയുന്നു. പാസ് വേഡുകള്‍ക്ക് പകരം ഫിംഗര്‍പ്രിന്റ്, ഫേസ് സ്‌കാന്‍, സ്‌ക്രീന്‍ ലോക്ക് പിന്‍ തുടങ്ങിയവ ഉപയോഗിച്ച് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ പാസ് കീ സംവിധാനത്തിലൂടെ സാധിക്കും. ഫിഷിങ് പോലുള്ള ഓണ്‍ലൈന്‍ ആക്രമണങ്ങളെ ചെറുക്കാന്‍ ഇത് സഹായിക്കുമെന്നും ഒടിപി പോലുള്ള സംവിധാനങ്ങളേക്കാള്‍ സുരക്ഷിതമാണ് ഇവയെന്നും ഗൂഗിള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം തന്നെ ആപ്പിള്‍ പീസ് കീ സൗകര്യം ഐഒഎസ് 16 ല്‍ അവതരിപ്പിച്ചിരുന്നു.