ഇന്ത്യയില്‍ സ്വന്തം ഡേറ്റ സെന്റര്‍ ഒരുക്കാൻ ഗൂഗിൾ; ചർച്ചകൾ അന്തിമഘട്ടത്തിൽ
ഇന്ത്യയില്‍ സ്വന്തമായി പുതിയ ഡേറ്റ സെന്റര്‍ ഒരുക്കാനുള്ള പദ്ധതിയുമായി ആഗോള ടെക് ഭീമനായ ഗൂഗിള്‍. നവിമുംബൈയിലെ ജൂയിനഗറില്‍ ഡേറ്റ സെന്ററിനായുള്ള കെട്ടിടം നിര്‍മിക്കുന്നതിന് 22.5 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് വിവരം. മഹാരാഷ്ട്ര വ്യവസായ വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലാണ് ഈ സ്ഥലം. ഇത് പാട്ടത്തിനെടുത്തായിരിക്കും ഗൂഗിള്‍ അവിടെ ഡേറ്റാ സെന്റർ ഒരുക്കുക.
മുമ്പ് പല കമ്പനികൾക്കും പാട്ടത്തിന് നൽകിയിട്ടുള്ള ഈ സ്ഥലം ഇപ്പോൾ പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രാമേഴ്‌സി ട്രേഡ് ഇന്‍ഡസ്ട്രീസിന്റെ കൈവശമാണുള്ളത്. ഇത് ഗൂഗിളിന് കൈമാറാനുള്ള ചര്‍ച്ചകള്‍ അവതാനഘട്ടത്തിലാണെന്നാണ് സൂചന. എന്നാൽ പദ്ധതി ഗൂഗിൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ കെട്ടിടം വാടകയ്‌ക്കെടുത്താണ് ഗൂഗിളിന്റെ ഡേറ്റ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. പദ്ധതി നടപ്പായാല്‍ ഗൂഗിള്‍ സ്വന്തമായി ഇന്ത്യയില്‍ വികസിപ്പിക്കുന്ന ആദ്യ ഡേറ്റ സെന്ററായിരിക്കുമിത്.