ഭൂകമ്പ മുന്നറിയിപ്പ് സന്ദേശം ഫോണിൽ; പുതിയ ഫീച്ചർ ഇന്ത്യയിലവതരിപ്പിച്ച് ഗൂഗിൾ
ഭൂകമ്പ സാധ്യത മേഖലകളിൽ പ്രാദേശിക ഭാഷകളിൽ ഫോണിൽ സന്ദേശം ലഭിക്കുന്ന പുതിയ സംവിധാനവുമായി ഗൂഗിൾ. ആൻഡ്രോയിഡ് എർത്ത് ക്വേക്ക് അലേർട്ട് സിസ്റ്റം എന്ന ഈ ഫീച്ചർ ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഫോണിലെ അക്സിലറോ മീറ്റർ പോലുള്ള സെൻസറുകൾ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുക. നാഷ്ണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി, നാഷ്ണൽ സീസ്മോളജി സെന്റർ എന്നിവയുമായി സഹകരിച്ചാണ് ഗൂഗിൾ ഈ ഫീച്ചർ വികസിപ്പിച്ചത്.
റിക്ടർ സ്‌കെയിലിൽ 4.5നു മുകളിൽ തീവ്രതയുള്ള ഭൂകമ്പസമയത്ത് ഫോണിൽ ജാഗ്രതാ നിർദേശം ലഭിക്കും. സുരക്ഷക്കായി എന്തെല്ലാം ചെയ്യണമെന്ന നിർദേശവും ഇതോടൊപ്പം ഫോണിന്റെ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടും. ഫോൺ സൈലന്റ് മോഡിലോ ഡു നോട്ട് ഡിസ്ടേർബ് മോഡിലോ ആയാൽ പോലും ഇതിനെ മറികടന്ന് ഉച്ചത്തിലുള്ള അലാമും സുരക്ഷ നടപടിക്കായുള്ള നിർദേശവും ഫോണിൽ പ്രത്യക്ഷപ്പെടും. ഭുകമ്പത്തെ തുടർന്നുള്ള പ്രകമ്പനങ്ങൾ ഭൂമിക്കടിയിലൂടെ സഞ്ചരിക്കുന്നതിനേക്കാൾ വേഗത്തിലാണ് ഇന്റർനെറ്റ് സിഗ്‌നലുകൾ സഞ്ചരിക്കുക. അതുകൊണ്ട് തന്നെ ഭൂകമ്പം ഉണ്ടാകുന്നതിന് മുമ്പ് തന്നെ അറിയിപ്പുകൾ ഫോണിലെത്തും. ഗൂഗിൾ സെർച്ച്, മാപ്പ് എന്നിവ വഴി പ്രളയം കൊടുങ്കാറ്റ് പോലുള്ള പ്രകൃതി ദുരന്തങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്നതിന് വേണ്ടിയും നാഷ്ണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുമായി സഹകരിച്ചു വരികയാണെന്ന് ഗൂഗിൾ അധികൃതർ അറിയിച്ചു.
അൻഡ്രോയിഡ് 5നും അതിന് മുകളിലുമുള്ള വേർഷനുകളിൽ അടുത്തയാഴ്ചയോടെ ഈ സൗകര്യം ലഭ്യമാകും. ഫോണിൽ ഇന്റർനെറ്റ് കണക്ടിവിറ്റിയും ലൊക്കേഷനും ഓൺ ആയിരിക്കണം. ഫോണിൽ സെറ്റിങ്സ് തുറന്ന് സേഫ്റ്റി ആൻഡ് എമർജൻസി ഓപ്ഷൻ ടാപ്പ് ചെയ്ത് എർത്ത് ക്വേക്ക് അലേർട്ട് ഓൺ ആക്കാനും ഓഫാക്കാനും സാധിക്കും. സേഫ്റ്റി ആൻഡ് എമർജൻസി ഓപ്ഷൻ കാണുന്നില്ലെങ്കിൽ ലൊക്കേഷൻ-അഡ്വാൻസ്ഡ് തിരഞ്ഞെടുത്ത് എരത്ത് ക്വേക്ക് അലേർട്ട് തിരഞ്ഞെടുക്കാൻ സാധിക്കും.