ആപ് സ്റ്റോറില്‍ നിന്ന് വാട്‌സാപും, ത്രെഡ്‌സും നീക്കാൻ ആപ്പിളിനോട് ചൈന; നീക്കിയെന്ന് ആപ്പിൾ
ചൈനയിലെ ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്ന് മാര്‍ക് സക്കര്‍ബര്‍ഗിന്റെ മെറ്റാ പ്ലാറ്റ്‌ഫോമിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സാപും, ത്രെഡ്‌സും നീക്കം ചെയ്തു. ദ് വാള്‍ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത്തരത്തിൽ നീക്കം ചെയ്ത ആപ്പുകളുടെ പട്ടികയിൽ വാട്‌സാപ്പിന്റെ എതിരാളികളായ ടെലഗ്രാമും, സിഗ്നലും പെടും. ഇക്കാര്യം ആപ്പിള്‍ ശരിവച്ചതായി റോയിട്ടേഴ്‌സും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്പുകൾ എന്നു പറഞ്ഞാണ് അവ നീക്കംചെയ്യാന്‍ ചൈന തങ്ങളോട് ചൈന ആവശ്യപ്പെട്ടതെന്നാണ് ആപ്പിള്‍ പ്രതികരിച്ചിരിക്കുന്നത്. നീക്കം ചെയ്ത ആപ്പുകൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പറയുമ്പോഴും, വാട്‌സാപ് പോലെയുള്ള എന്‍ഡ്-ടു-എന്‍ഡ് എൻക്രിപ്റ്റഡ് ആപ്പുകള്‍ എന്തു ഭീഷണിയാണ് തങ്ങള്‍ക്ക് ഉയര്‍ത്തിയത് എന്ന് ചൈന ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
നിയന്ത്രിക്കാന്‍ സാധിക്കാത്ത വിദേശ ആപ്പുകളോടുള്ള അസഹിഷ്ണുത ചൈനയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നതിലേക്കാണ് പുതിയ സംഭവവികാസങ്ങള്‍ വിരല്‍ചൂണ്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയ്യുന്നത്. എന്നാൽ ആപ്പുകളായ ഫെയ്‌സ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം എന്നിവയെ പുറത്താക്കേണ്ട ആപ്പുകളുടെ പട്ടികയില്‍ ചൈന ഇത്തവണ പെടുത്തിയിട്ടില്ല. ആപ്പുകള്‍ നീക്കംചെയ്യണമെന്ന് തങ്ങളോട് ആവശ്യപ്പെട്ടത് സൈബര്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ചൈന ആണെന്ന് ആപ്പിള്‍ വ്യക്തമാക്കി. നടപടിയോട് യോജിപ്പില്ലെങ്കിലും, തങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ നിയമങ്ങള്‍ അനുസരിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് ആപ്പിള്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം ഈ വിഷയത്തിൽ പ്രതികരിക്കാൻ മെറ്റ ഇതുവരെ തയാറായിട്ടില്ല.