വിജയ് ഹസാരെ ട്രോഫി; റെയിൽവേസിനെതിരെ കേരളം പൊരുതുന്നു
വിജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വേസ് ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കേരളം പൊരുതുന്നു. ചിക്കനഹള്ളി, കിനി സ്‌പോര്‍ട്‌സ് അറീന ഗ്രൗണ്ടില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 36 ഓവറില്‍ നാലിന് 155 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (64), ശ്രേയസ് ഗോപാല്‍ (46) എന്നിവരാണ് ക്രീസില്‍. നേരത്തെ, സഹാബ് യുവരാജ് സിംഗിന്റെ (136 പന്തില്‍ പുറത്താവാതെ 121) സെഞ്ചുറിയാണ് റെയില്‍വേസിനെ മികച്ച സ്‌കോറിേലക്ക് നയിച്ചത്. വൈശാഖ് ചന്ദ്രന്‍ കേരളത്തിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.
മോശം തുടക്കമായിരുന്നു കേരളത്തിന്. 59 റണ്‍സെടുക്കുന്നതിനിടെ ടീമിന് നാല് വിക്കറ്റുകള്‍ നഷ്ടമായി. രോഹന്‍ കുന്നുമ്മല്‍ (0), സച്ചിന്‍ ബേബി (9), സല്‍മാന്‍ നിസാര്‍ (2) എന്നിവര്‍ക്ക് രണ്ടക്കം കാണാന്‍ പോലും സാധിച്ചില്ല. കൃഷ്ണ പ്രസാദ് (29) മാത്രമാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്. ഹിമാന്‍ഷു റാണ രണ്ട് വിക്കറ്റ് വീഴ്ത്തി. പിന്നാലെയാണ് സഞ്ജു - ശ്രേയസ് സഖ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇതുവരെ 56 പന്തുകള്‍ നേരിട്ട സഞ്ജു മൂന്ന് വീതം സിക്‌സും ഫോറും നേടി. ശ്രേയസിന്റെ അക്കൗണ്ടില്‍ അഞ്ച് ബൗണ്ടറികളുണ്ട്. ഇരുവരും ഇതുവരെ 102 ചേര്‍ത്തിട്ടുണ്ട്.
നേരത്തെ, ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ റെയില്‍വേസിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. ഓപ്പണര്‍മാരായ ശിവം ചൗധരിയെ(3) അഖിനും വിവേക് സിങിനെ(11) വൈശാഖ് ചന്ദ്രനും വീഴ്ത്തുമ്പോള്‍ റെയില്‍വേസിന്റെ സ്‌കോര്‍ ബോര്‍ഡില്‍ 19 റണ്‍സെ ഉണ്ടായിരുന്നുള്ളു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന പ്രഥം സിങും യുവരാജ് സിങും ചേര്‍ന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 148 റണ്‍സ് കൂട്ടിച്ചേര്‍ത്ത് അവരെ കരകയറ്റി.
77 പന്തില്‍ 61 റണ്‍സെടുത്ത പ്രഥം സിങിനെ വൈശാഖ് ചന്ദ്രന്‍ തന്നെ വീഴ്ത്തി കൂട്ടുകെട്ട് പൊളിച്ചെങ്കിലും പിന്നീടെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഉപേന്ദ്ര യാദവും(27 പന്തില്‍ 31) യുവരാജ് സിങിന് മികച്ച പിന്തുണ നല്‍കിയതോടെ റെയില്‍വേസ് മികച്ച സകോറിലേക്ക് കുതിച്ചു. ഉപേന്ദ്ര യാദവിനെ അഖില്‍ സ്‌കറിയയും അശുതോഷ് ശര്‍മയെ(2) ബേസില്‍ തമ്പിയും പുറത്താക്കി. ഏഴ് റണ്‍സുമായി പുറത്താകാതെ നിന്നു. കേരളത്തിനായി വൈശാഖ് ചന്ദ്രന്‍ 10 ഓവറില്‍ 33 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
അഞ്ച് കളികളില്‍ അഞ്ച് ജയവുമായി ഗ്രൂപ്പ് എയില്‍ ഒന്നാമതാണ് കേരളം. കഴിഞ്ഞ ദിവസം മുംബൈ ത്രിപുരയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതോടെയാണ് കേരളം ഗ്രൂപ്പില്‍ ഒന്നാമതെത്തിയത്. ആറ് കളികളില്‍ 20 പോയന്റ് വീതമുള്ള കേരളം മികച്ച നെറ്റ് റണ്‍റേറ്റിന്റെ(+1.916) കരുത്തിലാണ് മുംബൈയെ(+1.743) മറികടന്ന് ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. ആറ് കളികളില്‍ 12 പോയന്റുമായി നാലാം സ്ഥാനത്താണ് റെയില്‍വേസ്.