ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് ടവർ റിയാദിൽ ഒരുങ്ങും
ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് ടവർ സൗദി തലസ്ഥാന നഗരത്തിൽ നിർമിക്കുന്നു. ‘റിയാദ് സ്പോർട്സ് ടവറി’ന്റെ ഡിസൈനുകൾക്ക് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അംഗീകാരം നൽകി. കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള സ്പോർട്സ് ബോളിവാർഡ് ഫൗണ്ടേഷൻ (എസ്.ബി.എഫ്) ഡയറക്ടർ ബോർഡാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്പോർട്സ് ടവറായിരിക്കുമിത്.
ലോകത്തിലെ ഏറ്റവും വലിയ പത്ത് സാമ്പത്തിക നഗരങ്ങളിൽ ഒന്നായി മാറുന്നതിന് റിയാദ് നഗരത്തിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നത് ഉൾപ്പെടെ ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം സ്പോർട്സ് ബോളിവാർഡ് പ്രോജക്ട് ജീവിതത്തിന്റെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്ന അസാധാരണ ഗുണനിലവാരമുള്ള ഒരു ലക്ഷ്യസ്ഥാനമാകുക, റിയാദിന്റെ സമൃദ്ധമായ നഗരഭാവിയിലേക്കുള്ള ഒരു പാലമാകുക, സൗദിയുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും കായികരംഗത്തെ മുൻനിര കേന്ദ്രമെന്ന നിലയിൽ അന്താരാഷ്ട്ര സ്ഥാനം വർധിപ്പിക്കുന്നതിനും ഗണ്യമായ സംഭാവന നൽകുക എന്നിവയും ലക്ഷ്യങ്ങളാണ്.
കാൽനടക്കാർക്കും സൈക്കിളുകൾക്കും കുതിരകൾക്കും സുരക്ഷിതവും മരങ്ങൾ നിറഞ്ഞതുമായ പാതകൾ ഉൾപ്പെടെ 135 കിലോമീറ്ററിലധികമുള്ള പദ്ധതിയാണ് സ്പോർട്സ് ബോളിവാർഡ്. ലോകത്തിലെ ഏറ്റവും വലിയ ‘ലീനിയർ പാർക്ക്’ ആയിരിക്കും ഇത്. വൈവിധ്യമാർന്ന കായികസ്ഥാപനങ്ങൾ പുറമെ റിയാദിന്റെ പടിഞ്ഞാറുള്ള വാദി ഹനീഫയെയും അതിന്റെ കിഴക്ക് വാദി അൽ സുലൈയെയും ബന്ധിപ്പിക്കുന്നതായിരിക്കും ഈ പദ്ധതി.
44 ലക്ഷത്തിലധികം ചതുരശ്ര മീറ്റർ തുറന്ന ഹരിത ഇടങ്ങൾ, വിവിധ കായിക വിനോദങ്ങൾക്കായുള്ള 50 ഓളം സൈറ്റുകൾ, വ്യതിരിക്തമായ കലാപരമായ ലാൻഡ്മാർക്കുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. 30 ലക്ഷം ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ സ്പോർട്സ് ടവറാണിത്. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാൽ ജീവിതനിലവാരത്തെ പിന്തുണക്കുന്ന ഒരു സുസ്ഥിര നഗരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് വിവിധ കായിക മേഖലകളിൽ അസാധാരണമായ പുരോഗതിക്ക് ഇതിലൂടെ സൗദി സാക്ഷ്യം വഹിക്കും.
അന്താരാഷ്ട്ര തലത്തിൽ അതിന്റെ നേതൃസ്ഥാനം ഉറപ്പിക്കുകയും ചെയ്യും. സ്പോർട്സ് പാത്ത് പ്രോജക്ടിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുകയും കായിക പരിശീലനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ റിയാദ് നഗരത്തിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും. സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കിടയിലും കായിക സംസ്കാരം പോഷിപ്പിക്കുന്നതിന് സംഭാവന ചെയ്യുന്ന ഗുണനിലവാരമുള്ള സ്ഥാപനങ്ങൾകൊണ്ട് ആരോഗ്യകരമായ ജീവിതശൈലി പരിശീലിക്കാൻ സമൂഹത്തെ പ്രാപ്തരാക്കുകയും ചെയ്യും.