‘സൗണ്ട് സ്റ്റോം’ഫെസ്റ്റിവൽ ; ഡിസംബർ 12 മുതൽ 14 വരെ റിയാദിൽ
‘സൗണ്ട് സ്റ്റോം’ ഫെസ്റ്റിവൽ അഞ്ചാം പതിപ്പ് ഡിസംബർ 12 മുതൽ 14 വരെ റിയാദിൽ നടക്കും. ഇത്തവണ രാജ്യാന്തര താരമായ എമിനെമിന്റെ നേതൃത്വത്തിൽ ഏറ്റവും പ്രമുഖരായ ഒരു കൂട്ടം അന്താരാഷ്ട്ര താരങ്ങളുടെ അഭൂതപൂർവമായ പങ്കാളിത്തത്തോടെയാണ് ‘സൗണ്ട്സ്റ്റോമിന്റെ’ ഈ വർഷത്തെ പതിപ്പ് വരുന്നത്.
അവയിൽ അമേരിക്കൻ റോക്ക് ബാൻഡായ തേർട്ടി സെക്കൻഡ്സ് ടു മാർസ്, ബ്രിട്ടീഷ് റോക്ക് ബാൻഡായ ‘മ്യൂസ്’, ജർമൻ ഡി.ജെ ബോറിസ് ബ്രെസിയ, ബ്രിട്ടീഷ്-കനേഡിയൻ ഡി.ജെ റിച്ചി ഹാട്ടൺ, ഇറ്റാലിയൻ ഡി.ജെ മാർക്കോ കൊറോള, സ്വിസ് അഡ്രിയാറ്റിക് ഡി.ജെ ജോഡിയായ അഡ്രിയാൻ ഷാല, അഡ്രിയാൻ ഷ്വൈറ്റ്സർ എന്നിവർ പങ്കെടുക്കുന്ന ഡാൻസ് ജോക്കികളിലുൾപ്പെടും.
റിയാദിലെ ബൻബാൻ ഏരിയയിൽ നടക്കുന്ന ഉത്സവം സംഗീതപ്രേമികൾ വർഷംതോറും കാത്തിരിക്കുന്ന മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ്.ലോകമെമ്പാടുമുള്ള വ്യത്യസ്ത ശൈലികളും സംഗീത പരിപാടികളും ഇതിൽ അവതരിപ്പിക്കുന്നു. ഏറ്റവും പ്രമുഖരായ പ്രാദേശിക, അന്തർദേശീയ താരങ്ങൾ പരിപാടിയിൽ പങ്കെടുക്കുന്നു.
കഴിഞ്ഞ നാല് വർഷമായി ആഗോള പ്രശസ്തി ഉണ്ടാക്കുന്നതിൽ ഫെസ്റ്റിവൽ വിജയിച്ചിട്ടുണ്ട്. ഏറ്റവും പ്രമുഖരായ താരങ്ങളും കലാകാരന്മാരും പങ്കെടുക്കാനും അവരുടെ കലാപരമായ സർഗാത്മകത അതിന്റെ സ്റ്റേജുകളിലും പ്ലാറ്റ്ഫോമുകളിലും അവതരിപ്പിക്കാനും ആഗ്രഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംഗീത പരിപാടികളിലൊന്നായി ‘സൗണ്ട് സ്റ്റോം’ മാറാനും കഴിഞ്ഞിരിക്കുന്നു.മേഖലയിലെ ഏറ്റവും വലിയ സംഗീതോത്സവമായി സൗണ്ട് സ്റ്റോം തുടരുന്നുവെന്ന് എം.ഡി.എൽ ബെസ്റ്റിന്റെ സി.ഇ.ഒ റമദാൻ അൽ ഹർതാനി പറഞ്ഞു.
കലാപരവും സംഗീതപരവുമായ വിനോദരംഗത്തെ നിലവിലെ വികസനം മെച്ചപ്പെടുത്തുന്നതിലും സംഗീത സർഗാത്മകതയുടെ കേന്ദ്രമെന്ന നിലയിൽ സൗദിയുടെ സ്ഥാനം ഉറപ്പിക്കുന്നതിലും അതിന്റെ പങ്ക് വലുതാണെന്നും സി.ഇ.ഒ പറഞ്ഞു.