സൗദി സ്ഥാപകദിനം; ആഘോഷ നിറവിൽ അലിഞ്ഞ് കിഴക്കൻ പ്രവിശ്യ
ചരിത്രവും സാംസ്കാരികവും വർണ വിസ്മയങ്ങളും സമന്വയിക്കുന്ന ആഘോഷനിറവിൽ സൗദി അറേബ്യയുടെ സ്ഥാപകദിനം കിഴക്കൻ പ്രവിശ്യ അവിസ്മരണീയമാക്കി. ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾചറും (ഇത്റ) കോർണീഷുകളും കേന്ദ്രീകരിച്ചായിരുന്നു ദമ്മാമിലെയും അൽഖോബാറിലെയും ആഘോഷങ്ങൾ. രാജ്യചരിത്രങ്ങളെ തിരികെ വിളിക്കുന്ന പ്രദർശനങ്ങളും പാരമ്പര്യ കലാരൂപങ്ങളും വർണം വിതറുന്ന കരിമരുന്ന് പ്രയോഗങ്ങളും ആഘോഷങ്ങളുടെ ഭാഗമായി.
ദിവസങ്ങൾക്ക് മുമ്പേ ദമ്മാമിലെ വീഥികൾ ദേശീയപതാകകളും വൈദ്യുതി ദീപങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. ഗ്രാമ ചത്വരങ്ങളിലും നഗര ഇടനാഴികകളിലും പാരമ്പര്യ ഗായകസംഘങ്ങളും നർത്തകരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. രാജ്യത്തിന്റെ തുടക്കത്തിനൊപ്പം ഉന്നതങ്ങളിലേക്കുള്ള കുതിപ്പിന്റെ ഊർജം യുവസമൂഹത്തിന് പകരുക എന്നത് മിക്ക പരിപാടികളുടെയും ലക്ഷ്യമായിരുന്നു. സൗദിയുടെ സംസ്കാരിക മുഖമായി മാറിയ ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾചർ ഹരിതവർണമണിഞ്ഞ് ആഘോഷത്തിന് മാറ്റുകൂട്ടി. നിരവധി പരിപാടികളാണ് സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ഇത്റ സംഘടിപ്പിച്ചത്.
സംഗീത പ്രകടനങ്ങൾ, വിദ്യാഭ്യാസ പ്രദർശനങ്ങൾ, സൗദിയുടെ സംസ്കാരിക ചരിത്രം പറയുന്ന പ്രത്യേക പ്രദർശനങ്ങൾ, ഹാൻഡ്-ഓൺ ലാബുകൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി. ആദ്യമായി എണ്ണ കണ്ടെത്തിയതും ദേശീയ പെട്രോളിയം കമ്പനി അരാംകോ രൂപപ്പെട്ടതും സൗദി അറേബ്യയുടെ വളർച്ചയും അനാവരണം ചെയ്യുന്ന പ്രത്യേക പ്രദർശനം ഇത്റയിൽ നടക്കുന്നുണ്ട്. ഇത്റ മ്യൂസിയവും സവിശേഷമായ പ്രദർശനം ഒരുക്കിയിട്ടുണ്ട്.
മധ്യപൗരസ്ത്യദേശത്തിെൻറ തനത് കലാരൂപങ്ങൾ, സൗദി സംസ്കാരം, ഇസ്ലാമിക കല, അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ പ്രകൃതി ചരിത്രം, ആർകൈവ് ഗാലറി എന്നിവ ഉൾക്കൊള്ളുന്ന പ്രാദേശിക, അന്തർദേശീയ കലാകാരന്മാരുടെ കലാസൃഷ്ടികളും ഇൻസ്റ്റലേഷനുകളും അടങ്ങിയ അഞ്ച് ഗാലറികളാണ് ഇത്റ മ്യൂസിയത്തിലുള്ളത്. കുട്ടികളുടെ മ്യൂസിയത്തിൽ വിവിധ കളികളും കഥപറച്ചിലും ചോദ്യോത്തര സെഷനുമുൾപ്പെടെ വിവിധ പരിപാടികൾ സംവിധാനിച്ചിട്ടുണ്ട്.
ദമ്മാമിലെ കോർണിഷിൽ വിവിധ കലാകാരന്മാരുടെ കലാ പ്രകടനം കാണാൻ ആയിരങ്ങളാണെത്തിയത്. അൽഖോബാർ കോർണിഷിലെ കരിമരുന്ന് പ്രയോഗവും ഗംഭീരമായിരുന്നു. അന്നം തരുന്ന രാജ്യത്തിന്റെ അഭിമാനവും അന്തസ്സും പാരമ്പര്യവും ഉയർത്തിപ്പിടിച്ച് വിവിധ ആഘോഷങ്ങളുമായി പ്രവാസി സംഘടനകളും ഭാഗമായി.