അറബ് മേഖലയിലെ വ്യോമയാന രംഗത്തെ കൂട്ടായ്മയെ നയിക്കാൻ സൗദി അറേബ്യ ; അറബ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു
അറബ് മേഖലയിലെ വ്യോമയാന രംഗത്തെ കൂട്ടായ്മയെ ഇനി സൗദി അറേബ്യ നയിക്കും. അറബ് സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ എക്സിക്യൂട്ടിവ് കൗൺസിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് സൗദി അറേബ്യ തെരഞ്ഞെടുക്കപ്പെട്ടു. മൊറോക്കോ തലസ്ഥാനമായ റബാത്തിൽ നടന്ന സംഘടനയുടെ 28മത് ജനറൽ അസംബ്ലിയിൽ ഏകകണ്ഠമായാണ് തെരഞ്ഞെടുപ്പ് നടന്നത്.
വിവിധ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളിൽ രാജ്യം വഹിക്കുന്ന ഉയർന്ന സ്ഥാനത്തിന്റെയും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ സിവിൽ ഏവിയേഷൻ വ്യവസായ മേഖലയിൽ വഹിക്കുന്ന മഹത്തായ പങ്കിന്റെയും നിദർശനമാണ് അധ്യക്ഷ പദവിയിലേക്കുള്ള ഈ വിജയമെന്ന് സൗദി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് അൽജാസർ പറഞ്ഞു. വ്യോമഗതാഗത വ്യവസായ മേഖലയിൽ സംയുക്ത അറബ് പ്രവർത്തനം ശക്തിപ്പെടുത്തേണ്ടതിന്റെയും ഈ സുപ്രധാന മേഖലക്ക് ഏറ്റവും ഉയർന്ന സുരക്ഷാമാനദണ്ഡങ്ങൾ കൈവരിക്കുന്നതിന് തുടർച്ചയായ ആശയവിനിമയത്തിന്റെയും പ്രാധാന്യം മന്ത്രി ഊന്നിപ്പറഞ്ഞു.
അറബ് സിവിൽ ഏവിയേഷൻ ഓർഗനൈസേഷനെ വിപുലീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും രാജ്യാന്തര തലത്തിൽ അതിന്റെ നേതൃത്വപരമായ സ്ഥാനം വർധിപ്പിക്കുന്നതിനും അറബ് മേഖലയിലെ ഇതര പങ്കാളികളുമായും അന്തർദേശീയ പങ്കാളികളുമായും സഹകരിച്ച് വ്യോമഗതാഗത വ്യവസായം മെച്ചപ്പെടുത്തുന്നതിനും സൗദി ഉത്സാഹത്തോടെ പ്രവർത്തിക്കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.
ഓർഗനൈസേഷനിൽ സ്ഥാപക അംഗമായി ചേർന്നതുമുതൽ സാന്നിധ്യത്തിലൂടെയും പ്രവർത്തനത്തിലൂടെയും ഏകോപനത്തിലൂടെയും സംഘടന നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കാൻ സൗദി അറേബ്യ വലിയ താൽപര്യമാണ് കാണിച്ചിട്ടുള്ളത്. മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക രാജ്യങ്ങൾക്കായുള്ള റീജനൽ സേഫ്റ്റി മോണിറ്ററിങ് ഓർഗനൈസേഷന്റെ ആസ്ഥാനവും മിഡിലീസ്റ്റ് രാജ്യങ്ങൾക്കായുള്ള കോഓപറേറ്റിവ് ഏവിയേഷൻ സെക്യൂരിറ്റി പ്രോഗ്രാമിന്റെ ആസ്ഥാനവും സൗദി അറേബ്യയിലാണെന്നും മന്ത്രി സൂചിപ്പിച്ചു. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന് സൗദി 10 ലക്ഷം ഡോളർ സഹായം നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു.
അറബ് സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ സ്ഥാപകകാലം മുതൽ അതിൽ അംഗമാണ് സൗദി അറേബ്യ. 1996ൽ സ്ഥാപിതമായ അറബ് ലീഗുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സംഘടനയാണിത്. സിവിൽ ഏവിയേഷൻ മേഖലയിലും അതിന്റെ വികസനത്തിലും അറബ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുകയാണ് ഈ സംഘടനയുടെ ലക്ഷ്യങ്ങൾ.