റിയാദ് - ചൈന പുതിയ വ്യോമ പാത ആരംഭിച്ചതായി റിയാദ് എയർപോർട്ട് കമ്പനി
റിയാദിനെയും ബീജിങ്ങിനെയും ബന്ധിപ്പിക്കുന്നതിന് ‘ചൈന സതേൺ എയർലൈൻസു’മായി സഹകരിച്ച് പുതിയ വ്യോമപാത ആരംഭിച്ചതായി റിയാദ് എയർപോർട്ട് കമ്പനി വ്യക്തമാക്കി. ലക്ഷ്യസ്ഥാനങ്ങളും രാജ്യത്തെ വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണവും വർധിപ്പിക്കുക എന്ന ദേശീയ സിവിൽ ഏവിയേഷൻ സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സിവിൽ ഏവിയേഷൻ അതോറിറ്റി നടത്തിയ ശ്രമങ്ങളുടെ ഭാഗമാണിതെന്നും റിയാദ് എയർപോർട്ട് കമ്പനി പറഞ്ഞു.
ചൈനക്കും സൗദിക്കുമിടയിൽ സ്ഥിരം വിമാന സർവിസിനുള്ള അനുമതി നൽകിയതായി അടുത്തിടെയാണ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചത്. നിലവിൽ ചൈനക്കും സൗദിക്കുമിടയിൽ നാല് യാത്ര വിമാനങ്ങളും മൂന്ന് എയർ കാർഗോ വിമാനങ്ങളുമാണ് സർവിസ് നടത്തുകയെന്നും അതോറിറ്റി സൂചിപ്പിച്ചിരുന്നു.
പുതിയ പാതയുടെ സമാരംഭം രാജ്യത്തിനും ചൈനക്കും ഇടയിൽ നേരിട്ടുള്ള എയർ കണക്റ്റിവിറ്റി ശ്രമങ്ങൾ വർധിപ്പിക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് റിയാദ് എയർപോർട്ട് സി.ഇ.ഒ അയ്മൻ അബു അബാബ പറഞ്ഞു. കൂടുതൽ ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനും നിലവിലുള്ള നിക്ഷേപ സാധ്യതകളെക്കുറിച്ച് പഠിക്കുന്നതിനും ലക്ഷ്യമിട്ട് കൂടുതൽ ചൈനീസ് വിനോദസഞ്ചാരികളെ സൗദി സന്ദർശിക്കാൻ പ്രാപ്തരാക്കുക അടിസ്ഥാനമാക്കിയാണിതെന്നും സി.ഇ.ഒ പറഞ്ഞു.