സർവീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിൽ റിയാദ് എയർ ; പരീക്ഷണ പറക്കലിനുള്ള ബോയിംഗ് വിമാനം റിയാദിലെത്തി
സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ ഈ വർഷം സർവിസ് ആരംഭിക്കുന്നതിനുള്ള തയാറെടുപ്പ് പുരോഗമിക്കുന്നു. പരിശീലനത്തിനും പരീക്ഷണ പറക്കലിനുമുള്ള ആദ്യ റിസർവ് വിമാനമായ ബോയിങ് 787-9 റിയാദിലെത്തി. ഇത് പൂർണമായി റിസർവ് വിമാനമായിരിക്കും. പതിവ് സർവിസിന് വേണ്ടി ഓർഡർ ചെയ്ത 72 ബോയിങ് 787-9 വിമാനങ്ങളിൽനിന്ന് പൂർണമായും സ്വതന്ത്രമാണ് റിസർവ് വിമാനം. ഇത് ഉടൻ പരീക്ഷണ പറക്കലിന് ഉപയോഗിക്കും.
തൂവെള്ള നിറമാണ് ഇതിന്റെ പുറംബോഡിക്ക്. അതിൽ ഇൻഡിഗോ നിറത്തിലുള്ള റിയാദ് എയറിന്റെ ലോഗോ ആലേഖനം ചെയ്തിട്ടുണ്ട്. വാണിജ്യ വിമാന സർവിസ് ആരംഭിക്കുന്നതിന് സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി മുഖേനയുള്ള എയർ ട്രാൻസ്പോർട്ട് ലൈസൻസുമായി (എ.ഒ.സി) ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് റിസർവ് വിമാനം കൂടിയുണ്ടാവണം. ആ നിബന്ധന പാലിക്കാനാണ് വിമാനം എത്തിച്ചത്. ഇനി വളരെ വേഗം ലൈസൻസിങ് നടപടികൾ പൂർത്തിയാകും.
അടുത്ത മാസം റിയാദ് എയർ വിമാനങ്ങളുടെ ഇന്റീരിയർ രൂപകൽപനയും അതിനുള്ളിലെ സൗകര്യങ്ങളും സംബന്ധിച്ച വെളിപ്പെടുത്തൽ കമ്പനി നടത്തും. അതിനുള്ള തയാറെടുപ്പ് പൂർത്തിയാകുന്നതിന്റെ ഭാഗം കൂടിയാണ് റിസർവ് വിമാനത്തിന്റെ വരവ്. ആഡംബര രൂപകല്പനയും ഉൽപന്ന ഗുണനിലവാരവും കൊണ്ട് വേറിട്ടുനിൽക്കുന്നതാണ് റിയാദ് എയർ വിമാനങ്ങളുടെ ഇന്റീരിയർ.
സൗദി പൊതുനിക്ഷേപ ഫണ്ടിന് കീഴിൽ നേരിട്ടുള്ള സംരംഭമാണ് റിയാദ് എയർ. ലോകമാകെ നിരവധി കേന്ദ്രങ്ങളിലേക്ക് സർവിസ് ശൃംഖല സ്ഥാപിക്കാനൊരുങ്ങുന്ന കമ്പനി ആദ്യഘട്ടത്തിൽ 72 ബോയിങ് 787-9 ഡ്രീംലൈനർ വിമാനങ്ങളാണ് വാങ്ങുന്നത്. ഇതിന്റെ ഓർഡറുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.