വീണ്ടും വിവിധ സർവീസുകൾ റദ്ദാക്കി എയർഇന്ത്യ എക്സ്പ്രസ് ; കണ്ണൂർ , തിരുവനന്തപുരം സർവീസുകളാണ് റദ്ദാക്കിയത്
എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കൽ ‘വിനോദം’ തുടരുന്നു. ചൊവ്വാഴ്ച മസ്കത്തിൽ നിന്ന് കേരളത്തിലേക്കുള്ള രണ്ട് വിമാന സർവിസുകൾ റദ്ദാക്കിയാണ് യാത്രക്കാരെ കുഴക്കിയത്.
ചൊവ്വാഴ്ച കാലത്ത് 9.45ന് മസ്കത്തിൽനിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.30 കണ്ണൂരിലെത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 714 വിമാനവും ഉച്ചക്ക് 2.30 മസ്കത്തിൽ നിന്ന് പുറപ്പെട്ട് രാത്രി 7.55 ന് തിരുവനന്തപുരത്ത് എത്തുന്ന ഐ.എക്സ് 554 വിമാനവുമാണ് റദ്ദാക്കിയത്. ഇതോടെ ഈ വിമാനങ്ങളിൽ ടിക്കറ്റെടുത്തവർ വട്ടം കറങ്ങുകയാണ്. ചിലർക്കൊക്കെ അടുത്ത ദിവസങ്ങളിൽ യാത്ര ചെയ്യാൻ കഴിയും. എന്നാലും സ്ഥാപനങ്ങളിൽനിന്ന് ലീവെടുത്ത് നിശ്ചയിച്ചുറപ്പിച്ച യാത്ര മാറ്റി വെക്കേണ്ടിവന്നതിലുള്ള പ്രയാസത്തിലാണ് യാത്രക്കാർ.
കല്യാണം, അടുത്ത ബന്ധുക്കളുടെ മരണം തുടങ്ങിയ ആവശ്യങ്ങൾക്ക് നാട്ടിൽ പോവേണ്ടവർക്ക് അധിക ചാർജ് നൽകി മറ്റു വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടി വരും. യാത്രക്കൊരുങ്ങിയ പലരും എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുയാണ്.
ജൂൺ, ജൂലൈ മാസങ്ങളിൽ ഒമാനിൽ കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ സ്വദേശികളടക്കം നിരവധി വിദേശികൾ ഇന്ത്യയിലേക്ക് ടൂറിസത്തിനായി പോവാറുണ്ട്. ഇങ്ങനെ മഴ കാണാനും മറ്റും കേരളത്തിൽ പോവുന്നവരും നിരവധിയാണ്. ഇവരിൽ പലരും ഹ്രസ്വ അവധിക്കാണ് പോവുന്നത്. ഇത്തരക്കാർക്കെല്ലാം തിരിച്ചടിയാകുകയാണ് എയർ ഇന്ത്യയുടെ റദ്ദാക്കൽ നടപടി.
ഇന്ത്യയിലെ അനുകൂലമായ കാലവസ്ഥയാണ് സ്കൂൾ അവധി കഴിഞ്ഞിട്ടും ടിക്കറ്റ് നിരക്കുകൾ കുറയാത്തത്. അതിനാൽ ജൂൺ, ജൂലൈ മാസം വിമാനക്കമ്പനികൾക്ക് കൊയ്ത്തുകാലമാണ്. മറ്റു വിമാനക്കമ്പനികൾ ഈ മാസങ്ങളിലാണ് ലാഭമുണ്ടാക്കുന്നത്. എന്നാൽ ഈ സീസണിൽ പോലും വിമാനം റദ്ദാക്കിയാണ് എയർ ഇന്ത്യ മാതൃകയാവുന്നത്.