ഭാര്യ കുടിച്ചു ഫിറ്റ് ആയി വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു... തന്നെയും മദ്യപിക്കാന്‍ നിര്‍ബന്ധിക്കുന്നു...; ഗതികെട്ട ഭര്‍ത്താവിന്റെ പരാതി
കുടിയന്മാരായ ഭര്‍ത്താക്കന്മാരെക്കുറിച്ചു കേട്ടിട്ടുണ്ട്. എന്നാല്‍, അമിതമദ്യപാനിയായ ഭാര്യയെക്കുറിച്ച് നമ്മളാരും അധികമൊന്നും കേട്ടിട്ടില്ല. ഉത്തര്‍പ്രദേശിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. ഭാര്യ മദ്യപിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന പരാതിയുമായി ഭര്‍ത്താവ് രംഗത്തെത്തിയതോടെയാണ് വിചിത്രസംഭവം പൊതുമധ്യത്തിലെത്തിയത്.
ഉത്തര്‍പ്രദേശിലെ ആഗ്ര ഫാമിലി കൗണ്‍സിലിംഗ് സെന്ററിലാണ് വിചിത്രമായ പരാതിയുമായി യുവാവ് എത്തിയത്. ഭാര്യയുടെ അമിതമായ മദ്യാസക്തിയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ദിവസവും മദ്യപിച്ച് ലക്കുകെടുന്ന ഭാര്യ ഭര്‍ത്താവിനെയും മദ്യം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു. ഭര്‍ത്താവ് വിസമ്മതിച്ചാല്‍ വഴക്കുണ്ടാകുകയും ചെയ്യും.
നാലു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷമാണ് ഭാര്യ മദ്യത്തിന് അടിമയാണെന്ന് മനസിലായതെന്ന് ഭര്‍ത്താവ് പറയുന്നു. താന്‍ മദ്യപിക്കാറില്ല, പക്ഷേ ഭാര്യ തന്നെ മദ്യപിക്കാനായി നിര്‍ബന്ധിക്കുന്നു. ഭാര്യയുടെ മദ്യപാനത്തെത്തുടര്‍ന്ന് ഇവരുടെ ബന്ധത്തില്‍ വിള്ളലുണ്ടായി. ഇരുവരും തമ്മില്‍ വഴക്കുണ്ടായതിനെത്തുടര്‍ന്ന് ഭാര്യ സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോയി. പ്രകോപിതയായ ഭാര്യ പോലീസ് സ്‌റ്റേഷനിലെത്തി ഭര്‍ത്താവിനെതിരേ പരാതിയും നല്‍കി.
പിന്നീട് തര്‍ക്കം പരിഹരിക്കാന്‍ പോലീസ് ഇരുവരെയും ഫാമിലി കൗണ്‍സിലിംഗ് സെന്ററിലേക്ക് അയയ്ക്കുകയായിരുന്നു. കൗണ്‍സിലിംഗ് സെന്ററിലും ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ദിവസവും മൂന്നും നാലും പെഗ് കുടിക്കാറുണ്ടെന്നും തന്നെയും കുടിക്കാന്‍ ആവശ്യപ്പെട്ട് ശല്യെടുത്തുന്നതായും ഭര്‍ത്താവ് പറഞ്ഞു. എന്തായാലും കൗണ്‍സിലിംഗിലും ഇരുവരും തമ്മില്‍ രമ്യതയിലെത്തിയില്ലെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍.