ബന്ദിപ്പൂർ കടുവസങ്കേതത്തിൽ ജലക്ഷാമം
ബന്ദിപ്പൂർ കടുവസങ്കേതത്തിലെ ജലാശയങ്ങൾ വറ്റിത്തുടങ്ങി. ചെറുതടാകങ്ങൾ, കുളങ്ങൾ തുടങ്ങിയ സ്രോതസ്സുകളിൽ ജലനിരപ്പ് അനുദിനം താഴുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മഴ കുറഞ്ഞതാണ് ജലക്ഷാമത്തിനു കാരണം. വനമേഖലയിൽ സ്ഥിതിചെയ്യുന്ന മംഗള അണക്കെട്ട് സമീപത്തുണ്ടെങ്കിലും പ്രധാനമായും ആനകളുടെ മേഖലയാണിത്.
മറ്റു മൃഗങ്ങൾക്ക് തണ്ണീർപ്പന്തലുകൾ ഒരുക്കാനായി സൗരോർജ പമ്പുകൾ ഉപയോഗിച്ച് വെള്ളം ശേഖരിക്കുന്ന കുഴൽക്കിണറുകൾ ആശ്രയിക്കാൻ ഒരുങ്ങുകയാണ് കടുവസങ്കേതം അധികൃതർ. അതേസമയം മേഖലയിൽ അന്തരീക്ഷ താപനില 30 ഡിഗ്രിയിൽ താഴാതെ മുന്നോട്ടുപോകുന്നത് തനത് സ്രോതസ്സുകളിലെ ജലനിരപ്പ് കുറയാൻ കാരണമാവുന്നതായി കടുവസങ്കേതം അധികൃതർ പറഞ്ഞു.