'അമ്മ'യുടെ ഭരണം കൊണ്ടുവരും, ഇതാണ് ശരിയായ സമയം; തിരിച്ചുവരവ് പ്രഖ്യാപിച്ച് ശശികല
രാഷ്ട്രീയത്തിൽ തിരിച്ചുവരവ് പ്രഖ്യാപിച്ച് അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വികെ ശശികല. തിരഞ്ഞെടുപ്പിലെ തുടർച്ചയായ പരാജയത്തെത്തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്ന പാർട്ടിയെ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ശശികല വ്യക്തമാക്കി. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ പാർട്ടി അധികാരത്തിൽ തിരിച്ചെത്തുമെന്നും അവർ കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ എടപ്പാടി കെ പളനിസ്വാമി ശരിയായ ചോദ്യങ്ങൾ ചോദിക്കാത്തപ്പോൾ പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ സർക്കാരിനെ ചോദ്യം ചെയ്യുമെന്നും അവർ പറഞ്ഞു.
എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെയുടെ നിയന്ത്രണം തിരിച്ചുപിടിക്കാൻ ഏറെ നാളായി നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് പോയസ് ഗാർഡനിലെ വീട്ടിൽ അനുകൂലികളുമായി ചർച്ച നടത്തിയതിന് ശേഷമായിരുന്നു തിരിച്ചുവരവ് പ്രഖ്യാപിച്ചത്. 'ഇതാണ് ശരിയായ സമയം. ഒരു ആശങ്കയും വേണ്ട. തീർച്ചയായും, തമിഴ്നാട്ടിലെ ജനങ്ങൾ ഞങ്ങളുടെ പക്ഷത്താണ്. ഞാൻ വളരെ ശക്തയാണ്. എഐഎഡിഎംകെ അവസാനിച്ചുവെന്ന് കരുതാനാവില്ല. കാരണം ഞാൻ വീണ്ടും രാഷ്ട്രീയത്തിലേക്ക് കടക്കുകയാണ് ', ശശികല പറഞ്ഞു. 2026ൽ ജനങ്ങളുടെ പിന്തുണയോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് 'അമ്മ'യുടെ ഭരണം കൊണ്ടുവരുമെന്നും അവർ വ്യക്തമാക്കി.