'വോട്ടിന് പണം നൽകിയെന്ന ആരോപണം'; രാഹുൽ ഗാന്ധിയുൾപ്പടെ കോൺഗ്രസ് നേതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിനോദ് താവ്‌ഡെ
കോൺഗ്രസ് നേതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ. മഹാരാഷ്ട്രയിൽ വോട്ടിന് വേണ്ടിയെത്തിച്ച പണം പിടികൂടിയതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണം ഉന്നയിച്ചവർക്കെതിരെയാണ് വിനോദ് താവ്‌ഡെ രംഗത്തെത്തിയത്. പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനതെ എന്നിവർക്കെതിരെയാണ് വക്കീൽ നോട്ടീസ്. മൂന്ന് പേരും മാധ്യമങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നാണ് ബിജെപി സെക്രട്ടറിയുടെ ആവശ്യം. ഇല്ലെങ്കിൽ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും നോട്ടീസിലുണ്ട്.
'ബഹുജൻ വികാസ് അഘാഡിയെന്ന പ്രാദേശിക പാർട്ടിയാണ് വോട്ടർമാർക്ക് അഞ്ച് കോടി രൂപ നൽകിയത്. അവരുടെ പ്രവർത്തകരാണ് 19ന് രാത്രി മുംബയിലെ ഹോട്ടൽ മുറിയിലേക്ക് ഇരച്ചുകയറിയത്. കള്ളം പറയാൻ മാത്രമാണ് കോൺഗ്രസിന് അറിയുക. ബിജെപിയെ അപകീർത്തിപ്പെടുത്താനുളള ശ്രമമാണ് നടക്കുന്നത്. കൂട്ടത്തിൽ എന്നെയും അപമാനിക്കുന്നു. ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണ്. തിരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും നടത്തിയ അന്വേഷണത്തിൽ അഞ്ച് കോടി രൂപ തിരിച്ചുകിട്ടിയിട്ടില്ല. ഈ കേസ് കോൺഗ്രസിന്റെ തരംതാഴ്ന്ന രാഷ്ട്രീയത്തിന്റെ തെളിവാണ്'- വിനോദ് താവ്‌ഡെ പ്രതികരിച്ചു.
മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ വിനോദ് താവ്‌ഡെ അഞ്ച് കോടി രൂപ കൊണ്ടുവന്നിരുന്നുവെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നത്. വക്കീൽ നോട്ടീസിനെ സംബന്ധിച്ച് ഇതുവരെയായിട്ടും കോൺഗ്രസ് നേതാക്കൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.