വിജയ് നാളെ പാർട്ടി പതാക പുറത്തിറക്കും
തമിഴ്‌നാട്ടിൽ സിനിമയും വീരാരാധനയും രാഷ്ട്രീയവും തമ്മിൽ എന്നും ബന്ധപ്പെട്ടിരിക്കുന്നു. തമിഴ്‌നാട് ഭരിച്ച മുഖ്യമന്ത്രിമാരും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമെല്ലാം സിനിമയുമായി ബന്ധപ്പെട്ടുകിടക്കുന്നു. ദ്രാവിഡമണ്ണിൻറെ ഭാവി മുഖ്യമന്ത്രി എന്നു വിശേഷിക്കപ്പെടുന്ന ഉദയനിധിയും തമിഴ്‌സിനിമയിലെ താരരാജാവാണ്.
വിജയ് രാഷ്ട്രീയത്തിലേക്കെന്ന വാർത്ത കാലങ്ങളായി പറഞ്ഞുകേൾക്കുന്നതായിരുന്നു. പിന്നീട് അത് യാഥാർഥ്യമായി. ഇപ്പോൾ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) വരും തെരഞ്ഞെടുപ്പുകളിൽ ശക്തമായി മത്സരരംഗത്തുണ്ടാകുമെന്ന വാർത്തയാണ് പുറത്തുവരുന്നത്. തമിഴക വെട്രി കഴകത്തിൻറെ പതാക നാളെ പുറത്തിറക്കുകയാണ്. ചെന്നൈയിലെ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ വിജയ് പതാക ഉയർത്തുമെന്ന് ടിവികെ വൃത്തങ്ങൾ അറിയിച്ചു.
ചടങ്ങിൽ തമിഴ്നാട്, കേരളം, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള 300 ഓളം പ്രവർത്തർ പങ്കെടുക്കും. ചടങ്ങുകൾ വിലയിരുത്താൻ വിജയ് തിങ്കളാഴ്ച പാർട്ടി അസ്ഥാനം സന്ദർശിച്ചിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലുമടക്കം വലിയ ആരാധക പിന്തുണയുള്ള വിജയ് ഫെബ്രുവരിയിലാണ് തൻറെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. അതേസമയം പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം സെപ്റ്റംബർ 22ന് വിക്രവണ്ടിയിൽ നടത്തുമെന്നാണു വിവരം.