ഒരു വൈറൽ അപകടം; മേൽപ്പാലത്തിൽ തൂങ്ങിക്കിടക്കുന്ന കർണാടക ബസ്
കഴിഞ്ഞ ദിവസം കർണാടകയുടെ തലസ്ഥാനനഗരിയായ ബംഗളൂരുവില്‍നിന്നു സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങളും വീഡിയോയും മേല്‍പ്പാലങ്ങളിലെ ഒരു അപകടത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നതായിരുന്നു. ഏതാണ്ട് നാൽപ്പത് അടി ഉയരമുള്ള മേല്‍പ്പാലത്തിന്റെ മുകളില്‍നിന്നു പാതിയോളം പുറത്തേക്കു തള്ളിനില്ക്കുന്ന കർണാടക ആർടിസി ബസിന്റെ ചിത്രങ്ങളും വീഡിയോകളുമായിരുന്നു അത്.
18നാണ് ബസ് അപകടത്തില്‍പ്പെട്ടത്. തുമകുരു റോഡില്‍ നെലമംഗലയ്ക്കു സമീപം മദനായകനഹള്ളിയില്‍ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടമായി. ബസ് റോഡ് ഡിവൈഡറില്‍ ഇടിച്ചു പാലത്തിനുവെളിയിലേക്കു തൂങ്ങിന്നു. രണ്ടു മേല്പ്പാലങ്ങള്ക്കിടയിലാണ് ബസിന്റെ പിന്നിലെ ടയറുകള്‍ തൂങ്ങിക്കിടന്നിരുന്നത്. പിൻവശം ഏതാണ്ട് മുഴുവനായും വായുവിലാണ്. താഴെ നിന്നുള്ള കാഴ്ചയില്‍ അപകടത്തിന്റെ ഭീകരത മനസിലാകും.
മുന്നിലുള്ള കാറുമായി കൂട്ടിയിടി ഒഴിവാക്കാന്‍ വെട്ടിച്ചതാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ ആറു യാത്രക്കാർക്കു പരിക്കേറ്റു.