യുപിയിൽ അഖിലേഷിന്റെ തിരിച്ചുവരവ്; അഞ്ചിൽനിന്ന് 35-ലേക്ക് എസ്പി
അപ്രതീക്ഷിത തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് യുപിയിൽ ഉണ്ടായത്. കോൺഗ്രസും സമാജ് വാദി പാർട്ടിയും ഉൾപ്പെടുന്ന ഇന്ത്യാ സഖ്യം 44 സീറ്റുകൾ പിടിച്ച് ബിജെപിയെ ഞട്ടിച്ചിരിക്കുകയാണ്. 35 സീറ്റുകളിലാണ് സമാജ് വാദി പാർട്ടി മുന്നിട്ടുനിൽക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയായി എസ്.പി മാറി. ബിജെപി മുന്നിട്ട് നിൽക്കുന്നത് 34 സീറ്റുകളിലാണ്. എൻഡിഎയിലെ മറ്റു കക്ഷികളായ ആർഎൽഡിയും എപിയും ഓരോ സീറ്റിൽ മുന്നിട്ടുനിൽക്കുന്നു. കോൺഗ്രസ് ഇവിടെ ഏഴ് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
ഏഴ് ഘട്ടങ്ങളായി 80 മണ്ഡലങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, സ്മൃതി ഇറാനി, അഖിലേഷ് യാദവ്, ഭാര്യ ഡിംപിൾ യാദവ്, രാഹുൽ ഗാന്ധി, കിഷോരിലാൽ ശർമ എന്നിങ്ങനെ പ്രമുഖരുടെ നിരതന്നെ മത്സരിച്ച സംസ്ഥാനമായിരുന്നു യുപി. ഇതിൽ മുൻമന്ത്രി സ്മൃതി ഇറാനിയ്ക്ക് നേരിട്ടത് വമ്പൻ പരാജയമാണ്.
സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി, ആർഎൽഡി, എ.ഡി, നിഷാദ് പാർട്ടി തുടങ്ങിയ കക്ഷികളടങ്ങുന്ന മുന്നണിയായാണ് ബിജെപി ഇവിടെ മത്സരിച്ചത്. പതിറ്റാണ്ടുകളായി ബിജെപിയുടെ വാഗ്ദാനമായിരുന്ന അയോധ്യയിലെ രാമക്ഷേത്രം യാഥാർഥ്യമാക്കിയ ശേഷമുള്ള തിരഞ്ഞെടുപ്പായിരുന്നു ഇത്. അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ ബിജെപി സ്ഥാനാർഥി പരാജയപ്പെട്ടു എന്നതും ശ്രദ്ധേയമാണ്.
സമാജ് വാദി പാർട്ടിയുമായി ചേർന്നായിരുന്നു ഉത്തർപ്രദേശിലെ ഇന്ത്യാ മുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ടത്. 2019ൽ സമാജ് വാദി പാർട്ടിക്ക് ലഭിച്ചത് അഞ്ച് സീറ്റുകളാണ്. അവിടെനിന്നാണ് 35 സീറ്റുകൾ നേടിയുള്ള അവരുടെ ഇപ്പോഴത്തെ തകർപ്പൻ തിരിച്ചുവരവ്.