Begin typing your search...

കോട്ടയിൽ രണ്ട് വിദ്യാർഥികൾ കൂടി ജീവനൊടുക്കി; ഈ വർഷം ആത്മഹത്യ ചെയ്തത് 23 കുട്ടികൾ

കോട്ടയിൽ രണ്ട് വിദ്യാർഥികൾ കൂടി ജീവനൊടുക്കി; ഈ വർഷം ആത്മഹത്യ ചെയ്തത് 23 കുട്ടികൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മെഡിക്കൽ, എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ കോച്ചിങ് കേന്ദ്രമായ രാജസ്ഥാനിലെ കോട്ടയിൽ രണ്ട് വിദ്യാർഥികൾ കൂടി ആത്മഹത്യ ചെയ്തു. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന മഹാരാഷ്ട്ര സ്വദേശി അവിഷ്‌കർ സംബാജി കാസ്ലെ, ബിഹാർ സ്വദേശി ആദർശ് രാജ് എന്നീ വിദ്യാർഥികളാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ഇതോടെ ഈ വർഷം കോട്ടയിൽ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ എണ്ണം 23 ആയി. പ്രതിവാര ടെസ്റ്റ് എഴുതിയതിനു പിന്നാലെയാണ് ഇരു വിദ്യാർഥികളും ജീവനൊടുക്കിയത്. ടെസ്റ്റ് കഴിഞ്ഞ് മിനിറ്റുകൾക്ക് ശേഷം കോച്ചിങ് സെൻററിൻറെ ആറാം നിലയിൽ നിന്ന് ചാടിയാണ് അവിഷ്‌കർ ആത്മഹത്യ ചെയ്തത്. കോച്ചിങ് സെൻററിലെ ജീവനക്കാർ വിദ്യാർഥിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു ആത്മഹത്യ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്ലസ് ടു പഠനത്തിനൊപ്പം മെഡിക്കൽ എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന ആദർശ് രാജിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

കോച്ചിങ് സെൻററുകളിലെ പ്രതിവാര ടെസ്റ്റുകൾ വിദ്യാർഥികളെ സമ്മർദത്തിലും നിരാശയിലുമാക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ആഴ്ച ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിനു പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർഥിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചതുകൊണ്ടുമാത്രം ജീവൻ രക്ഷിക്കാനായി. അടുത്ത രണ്ട് മാസത്തേക്ക് ടെസ്റ്റുകൾ നടത്തരുതെന്ന് കോട്ടയിലെ കോച്ചിങ് സെൻററുകൾക്ക് കലക്ടർ ഒ പി ബങ്കർ കർശന നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർഥികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കണമെന്നും നിരീക്ഷണം വേണമെന്നും കലക്ടർ നിർദേശിച്ചു. അതിനിടെ കുട്ടികളുടെ മാനസിക സമ്മർദം പരിഹരിക്കുന്നതിനു പകരം ആത്മഹത്യ തടയാൻ മറ്റു വഴികളാണ് അധികൃതർ ആവിഷ്‌കരിച്ചിരിക്കുന്നത്. വർധിച്ചു വരുന്ന വിദ്യാർഥി ആത്മഹത്യ ചെറുക്കാൻ സീലിങ് ഫാനുകളിൽ സ്പ്രിങ് ഘടിപ്പിക്കുകയാണ് കോട്ട ഭരണകൂടം. കൂടുതൽ പേരും ഫാനിൽ തൂങ്ങിമരിക്കുന്നതിനാലാണ് ഹോസ്റ്റലുകളിൽ സ്പ്രിങ് ഫാനുകൾ ഘടിപ്പിക്കാൻ കലക്ടർ നിർദേശം നൽകിയത്. ഇത്തരം ഫാനുകളിൽ കുരുക്കിട്ട് തൂങ്ങാൻ ശ്രമിച്ചാൽ സ്പ്രിങ് ഫാനിനെ താഴേക്ക് വലിക്കും.

കെട്ടിടങ്ങളിൽ നിന്ന് ചാടി ആത്മഹത്യചെയ്യുന്നത് തടയാൻ ഹോസ്റ്റലുകളുടെ ബാൽക്കണികളിൽ ഉരുക്കു വലകൾ സ്ഥാപിക്കാനുള്ള നടപടികൾ കഴിഞ്ഞ ദിവസം തുടങ്ങി. താഴേക്ക് ചാടുന്നവരെ പരിക്കേൽക്കാതെ രക്ഷിക്കാൻ രക്ഷാകവചമായി 150 കിലോഗ്രാം വരെ ഭാരം താങ്ങുന്ന കൂറ്റൻ വലകളും സ്ഥാപിക്കുന്നുണ്ട്. മത്സര പരീക്ഷകളുടെ പഠനഭാരത്തെ തുടർന്നുള്ള മാനസിക സമ്മർദത്താലാണ് വിദ്യാർഥികൾ ജീവനൊടുക്കുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. മെഡിക്കൽ, എഞ്ചിനീയറിങ് പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കാൻ പ്രതിവർഷം 2 ലക്ഷത്തോളം വിദ്യാർഥികളാണ് കോട്ടയിലെത്തുന്നത്. കഴിഞ്ഞ വർഷം 15 വിദ്യാർഥികളാണ് കോട്ടയിൽ ജീവനൊടുക്കിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

WEB DESK
Next Story
Share it